ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് മുന്‍ കേന്ദ്ര മന്ത്രിയും ഹോക്കി ഒളിംപ്യനുമായ അസ്‌ലം ഷേര്‍ ഖാന്‍. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അവകാശവാദവുമായി അസ്‌ലം ഷേര്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് അസ്‌ലം കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മേയ് 27 ന് രാഹുലിന് അയച്ച കത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന് അസ്‌ലം വ്യക്തമാക്കിയിരിക്കുന്നത്.

Read More: രാഹുൽ രാജിവെക്കില്ല; വാർത്ത തെറ്റ്

1975 ല്‍ മലേഷ്യയില്‍ നടന്ന ലോകകപ്പ് ഹോക്കി നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമാണ് അസ്‌ലം ഷാ. കായിക താരമായും രാഷ്ട്രീയ പ്രവര്‍ത്തകനായും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. 84 ല്‍ മധ്യപ്രദേശിലെ ബേത്തുള്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് ജയിച്ച ഷേര്‍ ഖാന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു. 1997 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി.

Read More: മക്കൾക്ക് സീറ്റ് നൽകാനായിരുന്നു താൽപര്യം; മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

തന്നെ പാർട്ടി അധ്യക്ഷനാക്കുകയാണെങ്കിൽ മികച്ച രീതിയിൽ കോൺഗ്രസിനെ ഉയർത്താൻ സാധിക്കുമെന്ന് ഷേർ ഖാൻ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ അവകാശപ്പെടുന്നുണ്ട്. അവസാന തീരുമാനം സ്വീകരിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കത്തിൽ കുറിച്ചതായാണ് റിപ്പോർട്ട്.

മേയ് 25 ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയാന്‍ താല്‍പര്യം അറിയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയാണ് രാഹുൽ ഗാന്ധിയെ രാജി സന്നദ്ധതയിലേക്ക് കൊണ്ടെത്തിച്ചത്. എന്നാൽ, രാഹുൽ അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നേതൃത്വം ഉറച്ചുനിന്നു. തനിക്ക് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്തുന്നതുവരെ അധ്യക്ഷ സ്ഥാനത്തു തുടരാമെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കൾ ഇതിനെ എതിർത്തു. രാഹുൽ ഗാന്ധി അധ്യക്ഷനായി തുടരണമെന്ന് തന്നെയാണ് മറ്റ് മുതിർന്ന നേതാക്കൾ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook