ദിസ്പൂര്‍: പുല്‍വാമാ ആക്രമണത്തിന് പകരം ബോഡോലാന്റ് ടെറിറ്റോറിയല്‍ ഏരിയാ ജില്ലകളില്‍ നിന്നും 500 ബോഡോ യുവാക്കളെ അയക്കാമെന്ന് ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) നേതാവ് ഹഗ്രാമാ മൊഹിലാരി പറഞ്ഞു. പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കാന്‍ തങ്ങളുടെ ചുണക്കുട്ടികള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ ജവാന്മാര്‍ക്ക് നേരെയുണ്ടായ അക്രമത്തെ ശക്തമായി അപലപിക്കുന്നു. ഭീകരവാദികളുടെ ക്രൂരമായ അക്രമം വേദനിപ്പിക്കുന്നതാണ്. അനുവദിക്കുകയാണെങ്കില്‍ 500 ബോഡോ യുവാക്കളെ കശ്മീരിലെ ഭീകരരെ നേരിടാന്‍ ഞാന്‍ അയക്കാന്‍ തയ്യാറാണ്,’ മൊഹിലാരി പറഞ്ഞു. ‘ജവാന്മാരുടെ കുടുംബത്തിന് എല്ലാ പിന്തുണയുമായി ഞങ്ങളുണ്ട്. ലോകത്തെ മുഴുവന്‍ ഈ സംഭവം പിടിച്ചുകുലുക്കിയിട്ടുണ്ട്. ഭീകരവാദികള്‍ ഇന്ത്യന്‍ സൈന്യം തക്കതായ മറുപടി തന്നെ നല്‍കണം. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെ ആയി പോവാന്‍ പാടില്ല,’ മൊഹിലാരി കൂട്ടിച്ചേര്‍ത്തു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും പിടികൂടി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ സേനക്ക് ഇതിനായുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും മോദി മഹാരാഷ്ട്രയിലെ യവത്‌മാലില്‍ പറഞ്ഞു. കശ്മീരില്‍ വര്‍ഗീയ സംഘര്‍ഷം ശക്തമായതോടെ സുരക്ഷ കര്‍ശനമാക്കി. കശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

മഹാരാഷ്ട്രയിലെ യവത് മാലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തെ അക്രമിച്ച ഭീകരര്‍ എവിടെ ഒളിച്ചാലും പിടികൂടും. അവരുടെ ഭാവി സൈന്യം തീരുമാനിക്കുമെന്നും മോദി പറഞ്ഞു.

പാകിസ്ഥാനെതിരായ നയതന്ത്ര, സൈനിക, സാമ്പത്തിക നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുകയാണ്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ, റോ മേധാവി എ.കെ ധസ്മന, ഐ.ബി. ഉപമേധാവി അരവിന്ദ് കുമാര്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook