ന്യൂഡല്‍ഹി: തന്റെ രണ്ടാമത്തെ മകനേയും മാതൃരാജ്യത്തിന് വേണ്ടി ത്യജിക്കാന്‍ തയ്യാറാണെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ പിതാവ്. എന്നാല്‍ ആക്രമണത്തിന് പാക്കിസ്ഥാന് കനത്ത മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 40 പേരില്‍ ഒരാളാണ് ബിഹാറിലെ ബഗല്‍പൂരില്‍ നിന്നുളള രത്തന്‍ ഠാക്കൂര്‍.

Also Read: ‘മാതൃരാജ്യത്തിന് വേണ്ടി എന്റെ രണ്ടാമത്തെ മകനേയും വിടാന്‍ തയ്യാറാണ്, പക്ഷെ…’

മാതൃരാജ്യത്തെ സേവിക്കാന്‍ പോയ ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാമത്തെ മകനേയും അയക്കാന്‍ തയ്യാറാണെന്ന് രത്തന്‍ ഠാക്കൂറിന്റെ പിതാവ് കണ്ണ് നിറഞ്ഞ് കൊണ്ട് പറഞ്ഞു. ”രാജ്യസേവനത്തിന് ഞാന്‍ എന്റെ ഒരു മകനെ ത്യജിച്ചു കഴിഞ്ഞു. എന്റെ അടുത്ത മകനെയും യുദ്ധഭൂമിയിലേക്ക് അയക്കാന്‍ ഞാന്‍ ഒരുക്കമാണ്. രാജ്യത്തിന് സുരക്ഷയൊരുക്കാന്‍, അതിര്‍ത്തി കാക്കാന്‍ അവനെ ഞാന്‍ പറഞ്ഞയക്കും. പക്ഷേ പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുക തന്നെ വേണം.” – രത്തന്റെ പിതാവ് പറഞ്ഞു.

Also Read: പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ; സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

ജമ്മു കശ്മീരിൽ ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയായിരുന്നു ഇന്നലെ പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. വിവിധ സിആർപിഎഫ് മേധാവികൾക്ക് നൽകിയ രഹസ്യ സർക്കുലറിലും മുന്നറിയിപ്പ് വ്യക്തമാക്കിയിരുന്നു. ഈ മാസം എട്ടിനാണ് ഇത്തരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നത്. അതേസമയം, ജമ്മു കശ്മീരിൽ ചാവേർ ആക്രമണം നടത്തുമെന്ന് ജെയ്ഷെ ഭീകരരും രണ്ടുദിവസം മുമ്പ് ഭീഷണി മുഴക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ. സൈനിക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ച് കയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

Also Read: പുൽവാമയിൽ ചാവേറാക്രമണം നടത്തിയത് 20 കാരനായ ഭീകരൻ

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് വിശദീകരണവുമായി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നതായും ഗവര്‍ണര്‍ സമ്മതിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ