ഗാന്ധിനഗർ : ഉത്തർപ്രദേശ് സർക്കാരിനു പിറകേ പേരുമാറ്റൽ ദൗത്യവുമായി ഗുജറാത്ത് സർക്കാരും. അഹമ്മദാബാദിനെ കർണ്ണാവതിയാക്കാനാണ് ഗുജറാത്ത് സർക്കാർ ശ്രമിക്കുന്നത്. നിയമക്കുരുക്കുകൾ ഒന്നുമില്ലെങ്കിൽ അഹമ്മദാബാദിന്റ പേര് കർണ്ണാവതിയെന്നാക്കുമെന്നാണ് ഗുജറാത്ത് സർക്കാർ ചൊവാഴ്ച്ച ആറിയിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിനെ പ്രയാഗ്‌രാജെന്നും ഫാസിയബാദിനെ അയോധ്യയെന്നും പേര് മാറ്റിയതിന് പിന്നാലെയാണ് ഗുജറാത്ത് സർക്കാരിന്റെ പേര് മാറ്റൽ യജ്ഞം.

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഫാസിയബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയ യുപി സർക്കാരിനെ അഭിനന്ദിക്കവേയാണ് അഹമ്മദാബാദിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചത്. ആളുകൾക്ക് അങ്ങിനെ ആഗ്രഹമുണ്ട്. നിയമങ്ങൾ അനുവദിച്ചാൽ അഹമ്മദാബാദിന്റെ പേര് കർണ്ണാവതി എന്നാക്കി മാറ്റും . ഗുജറാത്തിലെ ആളുകൾ ഇപ്പോൾ തന്നെ കർണ്ണാവതി എന്ന പേര് ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ട്.

എന്നാൽ പേരു മാറ്റൽ ബിജെപി സർക്കാരിന്റെ തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മാനിഷ് ദോഷി പ്രതികരിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക, അഹമ്മദാബാദിന്റെ പേര് കർണ്ണാവതി എന്നാക്കുക എന്നത് ബിജെപി ഹിന്ദു വോട്ട് ലക്ഷ്യം വച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും, ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇത്തരം കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഇവർ ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്നും മാനിഷ് ദോഷി പറഞ്ഞു.

ചരിത്രപരമായി അഹമ്മദാബാദ് 11-ാം നൂറ്റാണ്ട് മുതൽ ആഷാവാൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചാലൂക്യ രാജാവായ കർണ്ണ ആഷാവാളിന്റ രാജാവിനെ യുദ്ധത്തിൽ പരാജയപ്പെടുത്തി സബർമതി തീരത്ത് കർണ്ണാവതി എന്ന നഗരം പടുത്തുയർത്തിയിരുന്നു. 1411 എഡിയിൽ സുൽത്താൻ അഹമ്മദ് ഷായാണ് കർണ്ണാവതിയിൽ പുതിയ സാമ്രാജ്യം പടുത്തുയർത്തി അഹമ്മദാബാദ് എന്ന പേരിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook