ചെന്നൈ: രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്ത് പങ്ക് വഹിക്കാനും താന്‍ തയ്യാറാണെന്ന് നടന്‍ രജനികാന്ത്. മുസ്‌ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്വിറ്ററിലൂടെ രജനികാന്തിന്റെ പ്രതികരണം. ഡൽഹി കലാപത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രജനികാന്ത് രംഗത്തെത്തിയിരുന്നു.

“രാജ്യത്ത് സമാധാനം നിലനിർത്തുന്നതിന് എന്ത് പങ്കു വഹിക്കാനും ഞാൻ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്‌ലിം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നു,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

മുസ്ലീം സംഘടനയായ ‘തമിഴ്‌നാട് ജമാഅത്തുൽ ഉമാ സബായി’ അംഗങ്ങൾ രജനികാന്തിനെ  ചെന്നൈയില്‍ പോയ്‌സ് ഗാർഡനിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് കണ്ടിരുന്നു. കഴിഞ്ഞയാഴ്ച വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തിൽ 46 പേർ മരിക്കുകയും 200 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Read More: മമത ബാനർജി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു, പക്ഷെ ഞങ്ങളെ തടയാനാകില്ല: അമിത് ഷാ

കഴിഞ്ഞയാഴ്ച ഡൽഹിയിലെ അക്രമത്തിന്റെ പേരിൽ രജനികാന്ത് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കലാപത്തെ “ഇരുമ്പ് മുഷ്ടി” ഉപയോഗിച്ച് കൈകാര്യം ചെയ്യണമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന് നേരെയുണ്ടായ കടുത്ത വിമർശനത്തിൽ, അധികാരത്തിലിരിക്കുന്നവരോട് അക്രമം തടയാൻ കഴിയുന്നില്ലെങ്കിൽ “രാജിവച്ച് പോകാൻ” അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

“സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണം. അക്രമങ്ങൾ നടത്തുന്നവരെ ഇരുമ്പ് മുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്‌ചയാണ് പ്രശ്‌നങ്ങൾക്ക് കാരണം. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജാേലി കൃത്യമായി ചെയ്‌തില്ല. രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്‌ച പറ്റിയെന്ന് പറയുമ്പോൾ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി പരാജയമാണ്.” രജനികാന്ത് പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രജനി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങൾക്കെതിരല്ലെന്നും രജനി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook