ന്യൂഡൽഹി: കേരളത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ബിജെപി വലിയ പ്രതിഷേധം ഉയർത്തുന്നതിനിടെ സമാധാന ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്ന ചോദ്യവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

രാജ്യസഭയിൽ ഭരണപക്ഷം കേരളവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബഹളം വച്ചതിനെ തുടർന്നാണ് രാജ്യസഭാംഗമായ സിപിഎം ജനറൽ സെക്രട്ടറി ഇക്കാര്യം ഉന്നയിച്ചത്. “കേരളത്തിലെ അക്രമ സംഭവങ്ങൾക്ക് പുറകിൽ ആർഎസ്എസ് ആണെ”ന്ന് ആരോപിച്ച സീതാറാം യെച്ചൂരി, ഇക്കാര്യം ചർച്ച ചെയ്യുന്നതിനുള്ള സാധ്യതയാണ് തേടിയത്.

“കേരളത്തിലെ അക്രമ സംഭവങ്ങളിൽ ചർച്ചയ്ക്ക് സിപിഎം തയ്യാറാണ്. ആർഎസ്എസ് ആണ് കേരളത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കട്ടെ”, യെച്ചൂരി പറഞ്ഞു.

കേരളത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരെ സിപിഎം കടുത്ത ആക്രമണം അഴിച്ചുവിടുന്നുവെന്ന നിലയിൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുന്നതിനിടെയാണ് മോഹൻ ഭാഗവതിനോട് യെച്ചൂരി നിലപാട് തുറന്ന് പറയാൻ ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ