/indian-express-malayalam/media/media_files/uploads/2017/06/pranab-mukharjeepranab-rng-lecture-tashi-759.jpg)
ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി ഇന്നവസാനിക്കും. പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യത്തിന്റെ 13-ാമത് രാഷ്ട്രപതിയായി 2012 ജൂലൈ 25നാണ് പ്രണബ് കുമാര്‍ മുഖര്‍ജി അധികാരമേറ്റത്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തും നാല്‍പത് വര്‍ഷത്തിന് മേല്‍ പാര്‍ലമെന്റ് അംഗമായതിന്റെയും അനുഭവ സമ്പത്തുമായാണ് പ്രണബ് രാഷ്ട്രത്തിന്റെ പ്രഥമ പൗരനായത്.
കാലാവധി പൂര്‍ത്തിയാക്കുന്ന പ്രണബ് മുഖര്‍ജിക്ക് ഇന്നലെ പാര്‍ലമെന്റില്‍ എംപിമാര്‍ യാത്രയപ്പ് നല്‍കി. ഇന്ത്യയിലെ നിയമനിർമാണങ്ങൾ മതിയായ ചർച്ചകളിലൂടേയും ഇഴകീറിയുള്ള പരിശോധനകളിലൂടെയും വേണമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ പ്രണബ് കുമാർ മുഖർജി. ഇതിൽ നമ്മൾ പരാജയപ്പെട്ടാൽ രാഷ്ട്രത്തിന്റെ വിശ്വാസ്യതയ്ക്കാണ് ഇടിവ് സംഭവിക്കുന്നതെന്നും പാർലമെന്റ് നിലനിൽക്കുന്നത് ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടെ പ്രവർത്തിച്ചവർക്കും നേതാക്കൾക്കും പ്രസിഡൻഡ് നന്ദി പറഞ്ഞു. ജിഎസ്ടി ബിൽ പാസാക്കിയത് വലിയ നേട്ടമായി കരുതുന്നു എന്നും പാർലിമെന്റിന്റെ കരുത്താണ് ഇത് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന പ്രതിനിധാനം ചെയ്യുന്നത് ശത കോടി ജനങ്ങളുടെ പ്രതീക്ഷകളേയും അഭിലാഷങ്ങളേയുമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.