ന്യൂഡൽഹി: വാക്സിനുകൾക്ക് അംഗീകാരം ലഭിച്ച് 10 ദിവസത്തിനുള്ളിൽ കോവിഡ് -19 നെതിരെ കൂട്ടത്തോടെ രോഗപ്രതിരോധ പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും പങ്കാളികൾ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ ഏറ്റവും വലിയ മുതിർന്നവർക്കുള്ള വാക്സിനേഷൻ ഡ്രൈവ് നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ എടുക്കും.
രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഞായറാഴ്ചയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്. പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്.
“ശനിയാഴ്ച നടന്ന ദേശീയ ഡ്രൈ റൺ നാല് മേഖലകളിലാണ് പരിശോധന നടത്തിയത്. വലിയ തോതിലുള്ള ഉപയോഗത്തിൽ കോ-വിന്നിന്റെ (സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം) പ്രവർത്തന സാധ്യത പരിശോധിക്കുക; ആസൂത്രണം, നടപ്പാക്കൽ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം വിലയിരുത്തൽ; യഥാർത്ഥ വാക്സിനേഷൻ നടപ്പാക്കലിനുമുമ്പ് വെല്ലുവിളികൾ തിരിച്ചറിയുകയും അവ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയും ചെയ്യുക; വിവിധ തലങ്ങളിൽ പ്രോഗ്രാം മാനേജർമാർക്ക് ആത്മവിശ്വാസം നൽകുക,” ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
Read More: കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: അറിയേണ്ടതെല്ലാം
“286 കേന്ദ്രങ്ങളിലായി ഞങ്ങൾ ഡ്രൈ റൺ നടത്തി, എസ്ഒപികളുടെയും പ്രോട്ടോക്കോളുകളുടെയും പ്രവർത്തനം പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, റെഗുലേറ്റർ അനുവദിച്ച അടിയന്തര ഉപയോഗ അംഗീകാരത്തിന്റെ തീയതി മുതൽ 10 ദിവസത്തിനുള്ളിൽ കോവിഡ് -19 വാക്സിൻ പുറത്തിറക്കാൻ ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
“ജനുവരി മൂന്നിനാണ് അനുമതി ലഭിച്ചത്. അംഗീകാരം ലഭിച്ചതിന് ശേഷം 10 ദിവസത്തിനുള്ളിൽ പുറത്തിറക്കാൻ ഞങ്ങൾ തയ്യാറാണ്. അന്തിമ തീരുമാനം സർക്കാർ എടുക്കും,” ഭൂഷൺ പറഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണത്തിന് മുന്നോടിയായി കോവാക്സിന് അംഗീകാരം നൽകിയെന്ന വിമർശനങ്ങളോടു ആദ്യമായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായി.
കോവിഡ് മഹാമാരിക്ക് മുൻപായി രൂപപ്പെടുത്തിയ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ രണ്ടാം ഘട്ട പരീക്ഷണത്തിന്റെ ഫലപ്രാപ്തിയെ അടിസ്ഥാനപ്പെടുത്തി നിയന്ത്രിത ഉപയോഗ അനുമതി നൽകാൻ റെഗുലേറ്റർക്ക് സാധിക്കുമെന്ന് ഐസിഎംആർ ഡിജി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. 2019 മാർച്ച് 19ലെ ദി ന്യൂ ഡ്രഗ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽ റൂൾസ് പ്രകാരം വാക്സിന്റെ രണ്ടാം ഘട്ട പരിശോധനയിൽ ശ്രദ്ധേയമായ ഫലപ്രാപ്തി കൈവരിക്കാൻ സാധിച്ചാൽ, ഗുരുതരവും ജീവന് ഭീഷണിയുള്ളതുമായ രോഗങ്ങൾക്ക് ഇത് ഉപയോഗിക്കാനും വിപണിയിലെത്തിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.