മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഡിജിറ്റല്‍ റുപ്പീ (ഇ-റുപ്പീ) ഡിസംബര്‍ ഒന്നു മുതല്‍ അവതരിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയും ഡല്‍ഹിയും ഉള്‍പ്പെടെ നാല് നഗരങ്ങളിലെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമാണ് ഇ-റുപ്പീ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുക.
ഇന്ത്യന്‍ കറന്‍സിയുടെ ഡിജിറ്റല്‍ രൂപമായ ഇ-റുപ്പീ സൗകര്യം മുംബൈയ്ക്കും ഡല്‍ഹിക്കും പുറമെ ബംഗളൂരുവിലും ഭുവനേശ്വറിലുമാണു ഡിസംബര്‍ ഒന്നു മുതല്‍ ലഭ്യമാകുക. പിന്നീട് അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ആര് ബി ഐ അറിയിച്ചു. ആവശ്യാനുസരണം കൂടുതല്‍ ബാങ്കുകളെയും ഉപയോക്താക്കളെയും സ്ഥലങ്ങളെയും ഉള്‍പ്പെടുത്തുന്നതിനായി പദ്ധതിയുടെ വ്യാപ്തി ക്രമേണ വിപുലീകരിക്കുമെന്നും ആര് ബി ഐ വ്യക്തമാക്കി.
പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളുമുള്ള ഒരു ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പിനെ (സി യു ജി) പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്ന് ആര് ബി ഐ അറിയിച്ചു. പദ്ധതിയില്‍ പങ്കാളിത്തത്തിനായി എട്ട് ബാങ്കുകളെയാണ് ആര് ബി ഐ കണ്ടെത്തിയിരിക്കുന്നത്. നാല് നഗരങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, യെസ് ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയുടെ ഭാഗമാകും.
നിയമപരമായ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലുള്ള പണത്തെ പ്രതിനിധീകരിക്കുന്ന ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഇ-റൂപ്പീ. നിലവില്‍ പേപ്പര്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യങ്ങളില്‍ ഇ-റുപ്പീയും ലഭ്യമാകും. ഇത് ബാങ്ക് പോലുള്ള ഇടനിലക്കാര്‍ വഴി വിതരണം ചെയ്യും. ‘പങ്കാളികളായ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകളിലും മറ്റു ഡിവൈസുകളിലുള്ള ഡിജിറ്റല്‍ വാലറ്റ് മുഖേന ഉപയോക്താക്കള്‍ക്ക് ഇ-റൂപ്പീ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുമെന്നാണ് ആര് ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തികള്‍ തമ്മിലും (പി2പി) വ്യക്തിയില്‍നിന്ന് വ്യാപാരിയിലേക്കും (പി2എം) ഇടപാട് നടത്താം. വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം. ”ഇ-റുപ്പീ വിശ്വാസവും സുരക്ഷയും പോലുള്ള ഫിസിക്കല്‍ ക്യാഷിന്റെ സവിശേഷതകള്‍ വാഗ്ദാനം ചെയ്യും. പണത്തിന്റെ കാര്യത്തിലെന്നപോലെ, ഇതിനു പലിശയൊന്നും ലഭിക്കില്ല. ബാങ്കുകളിലെ നിക്ഷേപം പോലെയുള്ള മറ്റു പണത്തിലേക്ക് പരിവര്‍ത്തനം ചെയ്യാം,”ആര് ബി ഐ പറഞ്ഞു.
ഡിജിറ്റല്‍ രൂപ സൃഷ്ടിക്കല്‍, വിതരണം, റീട്ടെയില്‍ ഉപയോഗം എന്നിവയുടെ മുഴുവന്‍ പ്രക്രിയയുടെയും കരുത്ത് പരീക്ഷണഘട്ടത്തില്‍ പരിശോധിക്കും. ഇതില്‍നിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇ-റുപ്പീ ടോക്കണിന്റെയും ആര്‍ക്കിടെക്ചറിന്റെയും വ്യത്യസ്ത സവിശേഷതകളും പ്രയോഗങ്ങളും ഭാവി ഘട്ടത്തില്‍ പരീക്ഷിക്കപ്പെടുമെന്നും ആര് ബി ഐ അറിയിച്ചു.
ഇ-റുപ്പീ രണ്ടു തരം
ഉപയോഗത്തെയും ഡിജിറ്റല്‍ രൂപ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി, വിവിധ തലത്തിലുള്ള പ്രവേശനക്ഷമത കണക്കിലെടുത്ത്, ഡിജിറ്റല്‍ രൂപയെ പൊതു ഉദ്ദേശ്യം (റീട്ടെയില്‍), മൊത്തവ്യാപാരം എന്നിങ്ങനെ രണ്ടു വിശാലമായ വിഭാഗങ്ങളായാണ്
ആര് ബി ഐ തിരിച്ചിരിക്കുന്നത്.
റീട്ടെയില്‍ ഇ-റുപ്പീ പ്രധാനമായും റീട്ടെയില്‍ ഇടപാടുകള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള, പണത്തിന്റെ ഇലക്ട്രോണിക് പതിപ്പാണ്. ഇതു സ്വകാര്യ മേഖല, സാമ്പത്തികേതര ഉപയോക്താക്കള്‍, ബിസിനസുകള്‍ എന്നിങ്ങനെ എല്ലാവരുടെയും ഉപയോഗത്തിനു സാധ്യതയുള്ളതായിരിക്കും. സെന്‍ട്രല്‍ ബാങ്കിന്റെ നേരിട്ടുള്ള ബാധ്യതയായതിനാല്‍ പേയ്മെന്റിനും സെറ്റില്‍മെന്റിനുമായി സുരക്ഷിതമായ പണത്തിലേക്കു പ്രവേശനമുണ്ടാകുകയും ചെയ്യും.
മൊത്തവ്യാപാര സി ബി ഡി സി, തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയന്ത്രിത പ്രവേശനത്തിനായി ആവിഷ്കരിച്ചിട്ടുള്ളതാണ്. ഗവണ്മെന്റ് സെക്യൂരിറ്റീസ് (ജി-സെക്) സെഗ്മെന്റ്, ഇന്റര്‍-ബാങ്ക് മാര്‍ക്കറ്റ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയില്‍ ബാങ്കുകള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്കുള്ള സെറ്റില്‍മെന്റ് സംവിധാനങ്ങളെ പ്രവര്‍ത്തനച്ചെലവ്, കൊളാറ്ററല്‍, ലിക്വിഡിറ്റി മാനേജ്മെന്റ് എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കാന്‍ ഇതിനു കഴിവുണ്ട്.
ഇ-റുപ്പീയുടെ നേട്ടങ്ങള്‍
ഫിസിക്കല്‍ ക്യാഷ് മാനേജ്മെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവര്‍ത്തനച്ചെലവുകള്‍ കുറയ്ക്കുക, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുക, പേയ്മെന്റ് സംവിധാനത്തില്‍ ദൃഢതയും കാര്യക്ഷമതയും നൂതനത്വവും കൊണ്ടുവരല്‍ എന്നിവ ഉള്‍പ്പെടുന്നതാണു സി ബി ഡി സി ഇഷ്യു ചെയ്യുന്നത് പര്യവേക്ഷണം ചെയ്യാനുള്ള പ്രധാന പ്രേരണകളെന്ന് ആര് ബി ഐ നേരത്തെ പറഞ്ഞിരുന്നു. ഇത് സെറ്റില്‍മെന്റ് സിസ്റ്റത്തിന്റെ കാര്യക്ഷമതയുംക്രാസ്-ബോര്‍ഡര്‍ പേയ്മെന്റ് സ്പേസില്‍ നൂതനത്വവും വര്‍ധിപ്പിക്കുകയും അനുബന്ധ അപകടസാധ്യതകളില്ലാതെ ഏതെങ്കിലും സ്വകാര്യ വെര്‍ച്വല്‍ കറന്‍സികള്‍ക്കു നല്കാന് കഴിയുന്ന ഉപയോഗങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുകയും ചെയ്യും.