മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് ഉയർത്തി. ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിനുശേഷമാണ് റിപ്പോ നിരക്ക് 0.50 ശതമാനം കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. ഈ സാമ്പത്തിക വർഷത്തിൽ ഇത് മൂന്നാം തവണയാണ് റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്.
മേയിൽ അസാധാരണ യോഗത്തിൽ 0.40 ശതമാനവും ജൂണിൽ 0.50 ശതമാനവും നിരക്കിൽ വർധിപ്പിച്ചിരുന്നു. റിപ്പോ നിരക്ക് അരശതമാനം കൂട്ടിയതോടെ കോവിഡിനു മുമ്പുള്ള നിരക്കിലെത്തി. കോവിഡിനു തൊട്ടു മുൻപ് 5.15 ശതമാനമായിരുന്നു റിപ്പോ നിരക്ക്.
പോളിസി നിരക്ക് വർധിപ്പിക്കാൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് അറിയിച്ചത്. ആർബിഐ എംപിസി മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റിയും (എംഎസ്എഫ്) ബാങ്ക് നിരക്കുകളും 5.15 ശതമാനത്തിൽ നിന്ന് 5.65 ശതമാനമായി പരിഷ്കരിച്ചതായി അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം 6.7ശതമാനമാണെന്നും 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 5 ശതമാനവും ആയിരിക്കുമെന്നും ഗവർണർ പ്രവചിച്ചു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉയർന്ന പണപ്പെരുപ്പത്തിൽ പൊറുതി മുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.