ന്യൂഡൽഹി: എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. കറന്‍റ്, കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണമാണ് നീക്കുന്നത്. എടിഎമ്മിൽനിന്നു ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയായ 24,000 രൂപ ഇനി ഒറ്റയടിക്കു പിൻവലിക്കാൻ കഴിയും. എന്നാല്‍ ആഴ്‌ചയില്‍ 24,000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ കഴിയുക. ഇന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങളും എത്രയും പെട്ടെന്ന് നീക്കം ചെയ്യുമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആഴ്‌ചയിൽ പണം പിന്‍വലിക്കുന്നതിലെ നിയന്ത്രണങ്ങളെ കുറിച്ച് ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ലെന്ന് ദേശീയ സാമ്പത്തിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത ആഴ്‌ചയോടെ ആവശ്യത്തിനു നോട്ടുകൾ ബാങ്കുകളിൽ എത്തിക്കാനാകുമെന്നു റിസർവ് ബാങ്ക് കണക്കുകൂട്ടുന്നു. ഫെബ്രുവരി അവസാനമാകുമ്പോഴേക്കും പിൻവലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തുമെന്ന് സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ സാധാരണ ഗതിയിലാക്കിയാല്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരില്ലെന്നാണ് ആര്‍ബിഐ കണക്കുകൂട്ടൽ.

നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. അന്ന് 2000 രൂപ മാത്രമായിരുന്നു ഒരു ദിവസം പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്. തുടര്‍ന്ന് ദിനംപ്രതി പിന്‍വലിക്കാന്‍ കഴിയുന്ന തുക 2500 ആയും പിന്നീട് 4000 ആയും ഉയര്‍ത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ