ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കിങ് മേഖലയിലെ പ്രമുഖമായ യെസ് ബാങ്കില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പിന്‍വലിക്കല്‍ പരിധി 50,000 രൂപയായി നിശ്ചയിച്ചു.
ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ‘നിരന്തരമായ അധഃപതനത്തിലാ’ണെന്നു ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐയുടെ നടപടി. യെസ് ബാങ്കിന്റെ ബോര്‍ഡ് അടിയന്തിര പ്രാബല്യത്തോടെ അസാധുവാക്കിയതായും ആര്‍ബിഐ വിജ്ഞാപനത്തില്‍ പറയുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.
Read Also: ഇന്ത്യ തീവ്രഹിന്ദുക്കളെ നേരിടണം; ഡൽഹി സംഘർഷത്തിൽ വിമർശനവുമായി ഇറാൻ
”സമീപകാല വര്‍ഷങ്ങളില്‍ ഗുരുതരമായ ഭരണപ്രശ്നങ്ങളും നടപടികളും ബാങ്കിലുണ്ടായിട്ടുണ്ട്. ഇതു ബാങ്കിന്റെ നിരന്തരമായ ഇടിവിനു കാരണമായി,” വിജ്ഞാപനത്തില്‍ പറയുന്നു. നിക്ഷേപകരുടെ താല്‍പ്പര്യം പൂര്‍ണമായി പരിരക്ഷിക്കുമെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആര്‍ബിഐ ഉറപ്പുനല്‍കി.
ബാങ്കിന്റെ പുനഃസംഘാടനത്തിനോ സംയോജനത്തിനോ വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ അടുത്ത ദിവസങ്ങളില്‍ ആര്‍ബിഐ പദ്ധതി ആവിഷ്കരിക്കും. ഇവ 30 ദിവസത്തെ മൊറട്ടോറിയം അവസാനിക്കുന്നതിനുമുമ്പ് കൃത്യമായി നടപ്പാക്കുമെന്നും നിക്ഷേപകരെ ദീര്‍ഘകാലം ബുദ്ധിമുട്ടിലാക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.