ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർത്തി 6.25 ശതമാനമാക്കി. പുതിയ നിരക്കുകള്‍ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
ആർബിഐ പോളിസി നിരക്ക് 2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്.
ഈ സാമ്പത്തിക വർഷത്തിൽ ഇത് അഞ്ചാം തവണയാണ് ആര്‍ബിഐ നിരക്ക് വർധിപ്പിക്കുന്നത്. ഇതിന് മുമ്പ്, ആർബിഐ റിപ്പോ നിരക്ക് മേയ് മാസത്തെ ഓഫ് സൈക്കിൾ മീറ്റിങ്ങില്‍ 40 ബിപിഎസും ജൂൺ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ 50 ബിപിഎസുമായി ഉയർത്തിയിരുന്നു.
തുടർച്ചയായ 10 മാസമായി ആറ് ശതമാനത്തിന് മുകളിൽ തുടരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ എംപിസി ഈ മീറ്റിങ്ങില്‍ റിപ്പോ നിരക്ക് 35 ബിപിഎസ് ഉയർത്തുമെന്ന് മിക്ക വിപണി വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് ആറ് ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 6.50 ആയും ക്രമീകരിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റിയും ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. “കാര്‍ഷിക മേഖല ശക്തിമായി തന്നെ മുന്നോട്ട് പോവുകയാണ്. നവംബറിലെ ഇന്ത്യയുടെ നിര്‍മ്മാണ സേവന പിഎംഐ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്,” അദ്ദേഹം വ്യക്തമാക്കി.
നടപ്പ് സാമ്പത്തിക വർഷത്തിൽ ആർബിഐ പ്രതീക്ഷിച്ച ജിഡിപി വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമായിരുന്നു. എന്നാല്‍ ഇത് 6.8 ശതമാനത്തിലാണ് നിലവില്‍.