ന്യൂഡൽഹി: റിസര്‍വ് ബാങ്കിന്റെ റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നൽകുന്ന വായ്‍പയുടെ പലിശയായ റിപ്പോ നിരക്ക് നിലവിൽ ആറ് ശതമാനവും റിവേഴ്‍സ് റിപ്പോ 5.75 ശതമാനവുമാണ്. പണപ്പെരുപ്പം ഉയർന്നതിനാൽ ഡിസംബർ ആദ്യം ചേർന്ന യോഗത്തിലും ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.
2017-18ല്‍ കണക്കാക്കിയിരുന്ന 6.7ശതമാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ പദ്ധതിയില്‍ ആര്‍ബിഐ പിന്നീട് മാറ്റം വരുത്തി 6.6 ആയി കുറച്ചിരുന്നു. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 7.2 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിക്കും എന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്.
ചരക്കു സേവന നികുതി സ്ഥായി ആയതോടുകൂടി സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ട് എന്നും നിക്ഷേപങ്ങളില്‍ ഉണര്‍വ് വന്നിട്ടുണ്ട് എന്നാണ് റിസേര്‍വ് ബാങ്ക് പറഞ്ഞത്. ആര്‍ബിഐ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല എന്ന് പല സാമ്പത്തിക വിദഗ്ദരും നേരത്തെ നിരീക്ഷിച്ചിരുന്നു. ക്രൂഡ് ഓയിലിന്റെ വില ബാരലിന് എഴുപത് ഡോളര്‍ ആവുകയും ഓഹരി വിപണിയിലെ ഇളക്കവുമാണ് നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന റിസര്‍വ് ബാങ്കിന്‍റെ തീരുമാനത്തിന് കാരണമായി വിലയിരുത്തുന്നത്.