ന്യൂഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാനയം. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായിരിക്കും. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് പുതിയ വായ്പ നയം പ്രഖ്യാപിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന് ആർബിഐ പ്രവചിക്കുന്നു.
2020 മാർച്ച് അവസാനം മുതൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചിരുന്നു. തുടർച്ചയായ നാലാം തവണയാണ് പോളിസി നിരക്ക് മാറ്റമില്ലാതെ തുടരാൻ എംപിസി തീരുമാനിച്ചത്. നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എംപിസി യോഗത്തില്‍ അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടു ചെയ്തതെന്ന് ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2021-22 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന് ആർബിഐ പ്രവചിക്കുന്നു. പണപ്പെരുപ്പം ആറ് ശതമാനത്തിൽ താഴെയായതായി റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. വളർച്ചയെക്കുറിച്ചുള്ള കാഴ്ചപ്പാടും ഗണ്യമായി മെച്ചപ്പെട്ടു. വളർച്ചയെ തുടർന്നും സഹായിക്കുകയെന്നതാണ് ഇപ്പോൾ ആവശ്യമെന്ന് എംപിസി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആര്‍ബിഐ വിലയിരുത്തുന്നത്.
Read More: ‘പുടിനോട് പറയേണ്ടതു പോലെ പറഞ്ഞിട്ടുണ്ട്’; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബൈഡൻ
കേന്ദ്ര ബജറ്റ് 2021-22 അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ എംപിസി യോഗമാണിത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെയും പണപ്പെരുപ്പത്തിന്റെയും അവസ്ഥ വിശകലനം ചെയ്യുന്നതിനും രാജ്യത്തെ പണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ എംപിസി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരുന്നു. ബുധനാഴ്ചയാണ് ഈ മാസത്തെ യോഗം ആരംഭിച്ചത്.
വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ട് വിൽപനയിലൂടെയാണ് ആര്‍ബിഐ വിപണിയില്‍ ഇടപെടല്‍ നടത്തിയത്. ഇതോടെ ബോണ്ടില്‍നിന്നുള്ള ആദായം കുതിച്ചുകയറുകയും ചെയ്തു.
നിക്ഷേപത്തിൽ ഊന്നിയുള്ള ആത്മനിർഭർ പാക്കേജുകളുടെ ഫലം സമ്പദ്വ്യവസ്ഥയിൽ പ്രകടമായി തുടങ്ങിയെന്നും ആർബിഐ ഗവർണർ പറഞ്ഞു. ബാങ്കുകളിൽ ആവശ്യത്തിന് മൂലധനമെത്തിക്കുകയാണ് ആർബിഐ പ്രാധാന്യം നൽകുന്നതെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. സഹകരണ ബാങ്കുകളേയും അർബൻ ബാങ്കുകളേയും ശക്തിപ്പെടുത്താൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.