/indian-express-malayalam/media/media_files/uploads/2018/06/rbi.jpg)
മുംബൈ: റിസർവ് ബാങ്ക് വായ്‌പ നയം പ്രഖ്യാപിച്ചു. നാലര വർഷത്തിനുശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് കാൽശതമാനം ഉയർത്തി. ഇതോടെ റിപ്പ നിരക്ക് ആറു ശതമാനത്തിൽനിന്ന് 6.25 ശതമാനമായി ഉയർന്നു. 2014 ജനുവരിയിലാണ് റിസർവ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കൂട്ടിയത്. അന്ന് എട്ടു ശതമാനമാണ് നിരക്ക് കൂട്ടിയത്. ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്‌പയുടെ പലിശയാണ് റിപ്പോ നിരക്ക്.
ബാങ്കുകളുടെ നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് ആറു ശതമാനമായി ഉയർന്നു. കാഷ് റിസേർവ് റേഷ്യോയിലും (സിആർആർ) സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയിലും (എസ്എൽആർ) മാറ്റമില്ല. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും.
ഗവർണർ ഊർജിത് പട്ടേലിന്റെ നേതൃത്വത്തിലുളള ആറംഗ സമിതിയാണ് പലിശ നിരക്ക് കൂട്ടാനുളള തീരുമാനമെടുത്തത്. മൂന്നു ദിവസത്തെ യോഗത്തിനുശേഷമായിരുന്നു സമിതിയുടെ തീരുമാനം.
റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന-വാഹന വായ്‌പാ പലിശനിരക്ക് ഉയർന്നേക്കുമെന്നാണ് സൂചന. റിസർവ് ബാങ്കിന്റെ വായ്‌പാ നയത്തിന് മുന്നോടിയായി ജൂൺ ഔന്നിന് മുൻനിര ബാങ്കുകളായ എസ്ബിഐ, പിഎൻബി, ഐസിഐസിഐ എന്നിവ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.