ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് (ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക്) കുത്തനെ ഇടിഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഭ്യന്തര ഉത്പാദന നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞതില്‍ അമ്പരപ്പ് തോന്നുന്നു എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ കുറയില്ലെന്നായിരുന്നു പൊതുവേ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍. എന്നാല്‍, അത് അഞ്ച് ശതമാനമായി കുറഞ്ഞു. ഇതില്‍ അമ്പരപ്പ് തോന്നുന്നു ശക്തികാന്ത ദാസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഉത്തേജക നടപടികളിലൂടെ സാമ്പത്തിക രംഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഉചിതമായ നടപടികളിലൂടെ കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Read Also: നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ 700 അടി നീളമുള്ള കേക്ക്; തൂക്കം കേട്ടാല്‍ ഞെട്ടും!

രാജ്യത്തെ സാമ്പത്തിക രംഗം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓഗസ്റ്റ് 30 ന് പുറത്തുവന്ന ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കിന്റെ റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്.

കഴിഞ്ഞ പാദത്തിൽ (ജനുവരി – മാർച്ച്) 5.8 ശതമാനമായിരുന്നു വളർച്ച. 2013 മാർച്ചിൽ അവസാനിച്ച പാദത്തിൽ രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ചെറിയ വളർച്ചാ തോത്. അന്ന് 4.3 ശതമാനമാണ് വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.

ജിഡിപി നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ പാദത്തിൽ 5.8 ശതമാനം ആണെങ്കിൽ ഇത്തവണ അത് 5.7, 5.6 ശതമാനത്തിലേക്ക് താഴും എന്നായിരുന്നു മിക്ക സർവേകളിലും പറഞ്ഞിരുന്നത്. എന്നാൽ, അതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് യാഥാർഥ്യം. വളർച്ചാ നിരക്ക് വെറും അഞ്ച് ശതമാനമായി താഴ്ന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനകൾ നൽകുന്നതാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ റിസർവ് ബാങ്ക് കരുതൽ ധനശേഖരം കേന്ദ്ര സർക്കാരിന് നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരമായ 1.76 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് ആര്‍ബിഐ അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയ റിസര്‍വ് ബാങ്ക് കരുതല്‍ ധനശേഖരമായ 1,76,051 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുക. രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇതോടെ മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസര്‍വ് ബാങ്കിൽ നിന്ന് ലഭിക്കും.

Read Also: സൂക്ഷിച്ചില്ലേല്‍ പണി കിട്ടും; ‘പ്രിയപ്പെട്ടവന്‍’ സഞ്ജുവിനെ ചൂണ്ടി പന്തിന് ഗംഭീറിന്റെ മുന്നറിയിപ്പ്

കരുതൽ ധനത്തിന്റെ തോത് നിർണയിക്കാനും അതേ കുറിച്ച് പഠിക്കാനും കഴിഞ്ഞ ഡിസംബറിലാണ് ബിമൽ ജലാൻ അധ്യക്ഷനായ ആറംഗ പാനലിനെ നിയമിച്ചത്. കരുതൽ ധനം കൈമാറുന്നത് സംബന്ധിച്ച് ആർബിഐ മുൻ ഗവർണർ ഉർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കരുതൽ ധനം കെെമാറണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടപ്പോൾ അതിനെ എതിർത്ത വ്യക്തിയായിരുന്നു ഉർജിത് പട്ടേൽ. ഇതേ തുടർന്ന് ആർബിഐ ഗവർണറും കേന്ദ്ര സർക്കാരും തമ്മിലുള്ള ഭിന്നത അതിരൂക്ഷമാകുകയായിരുന്നു. ഒടുവിൽ, ഉർജിത് പട്ടേൽ ഗവർണർ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയും ചെയ്തു. അതിനുശേഷമാണ് ശക്തികാന്ത ദാസ് ആർബിഐ ഗവർണർ ആയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook