/indian-express-malayalam/media/media_files/uploads/2018/06/rbi.jpg)
ന്യൂഡൽഹി: ബാങ്ക് വായ്‌പകളുടെ മൊറട്ടോറിയം കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഇതോടെ ഓഗസ്‌റ്റ് 31 വരെ വായ്‌പാ തിരിച്ചടവുകൾക്ക് സാവകാശം ലഭിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ലോക്ക്‌ഡൗൺ തുടരുന്ന പശ്ചാത്തലത്തിലാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനം. വായ്‌പാ തിരിച്ചടവുകൾക്ക് ഇനി കൂടുതൽ സമയം ലഭിക്കും. നേരത്തെ മേയ് 31 വരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.
പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവും വരുത്തിയിട്ടുണ്ട്. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. റിവേഴ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍നിന്ന് 3.35 ശതമാനമാക്കിയും കുറച്ചു. അതേസമയം, ഭക്ഷ്യധാന്യ ഉത്പാദനം വർധിച്ചതായി ആർബിഐ ഗവർണർ പറഞ്ഞു. 3.7 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ശക്തികാന്ത ദാസ പറഞ്ഞു. നടപ്പുസാമ്പത്തിക വർഷം രാജ്യത്തെ ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞു.
ആഭ്യന്തര ഉത്‌പാദന വളർച്ചാ നിരക്ക് രണ്ട് ശതമാനം ആയിരിക്കുമെന്ന കേന്ദ്ര സർക്കാർ കണക്കുകളെ തള്ളുന്നതാണ് ആർബിഐ ഗവർണറുടെ പ്രസ്‌താവന. ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് ആർബിഐ ഗവർണർ ഇന്നു പറഞ്ഞത്. കാർഷിക-ഉത്‌പാദന മേഖലകളിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. വ്യവസായ രംഗത്ത് വലിയ തളർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാനായി കേന്ദ്ര സർക്കാർ രണ്ട് തവണ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.