മുംബൈ: വ്യാപാര-വ്യവസായ മേഖലയ്ക്ക് ആശ്വാസമേകി അടിസ്ഥാന പലിശ നിരക്കിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാൽ ശതമാനം കുറവ് വരുത്തി. 2010 നവംബറിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇതോടെ വാഹന- വീട് ലോണുകള്‍ക്ക് കുറഞ്ഞ ഇഎംഐ അടച്ചാല്‍ മതിയാകുമെന്ന പ്രതീക്ഷയും ഉയര്‍ന്നു.

റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കിയാണ് പുതുക്കിയത്. കേന്ദ്ര ബാങ്കും റിപ്പോ നിരക്ക് 5.75 ആയി വെട്ടിച്ചുരുക്കിയിട്ടുണ്ട്. 2016 ഒക്ടോബറിന് ശേഷമുളള കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണിൽ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയിരുന്നു. ഇതാണ് ആറംഗ പണനയ അവലോകന സമിതി (എംപിസി)യെ പുതിയ വായ്പാനയം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്.

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എംപിസി യോഗത്തില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനുളള നടപടികള്‍ക്ക് ഊന്നല്‍ നല്‍കാന്‍ നിര്‍ദേശിച്ചു. പ്രധാന്‍മന്ത്രി ആവാസ് യോജനയ്ക്ക് ഊന്നല്‍ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. രണ്ട് ദിവസമായി മുംബൈയില്‍ നടന്ന എംപിസി യോഗത്തിന് ശേഷമാണ് പലിശ നിരക്ക് കുറക്കാന്‍ ധാരണയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ