മുംബൈ: റിസർവ് ബാങ്ക് വായ്‌പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തിയാണ് ആർബിഐ വായ്പാനയം പ്രഖ്യാപിച്ചത്. 5.40 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്. അതായത് 25 ബേസിസ് പോയിന്‍റ്സിന്‍റെ (0.25 ശതമാനം) കുറവ്.

തുടർച്ചയായ അഞ്ചാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്. കഴിഞ്ഞ തവണ 35 ബേസിസ് പോയിന്റിന്റെ കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്.

ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് 135 ബേസിസ് പോയിന്റുകളുടെ കുറവാണ് വരുത്തിയത്. ഇതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ വായ്പ പലിശ നിരക്കില്‍ കുറവുണ്ടായേക്കും. രാജ്യം ഇപ്പോള്‍ നേരിടുന്ന വളര്‍ച്ചാമുരടിപ്പ് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്‍റെ ഈ നടപടി.

വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്കുള്ള പലിശയാണു റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറച്ചിട്ടും ബാങ്കുകൾ പലിശ നിരക്കിൽ കുറവു വരുത്തുന്നില്ലെങ്കിൽ ഇടപെടുമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞിരുന്നു.

Also Read: കൂപ്പുകുത്തി സാമ്പത്തിക രംഗം; ജിഡിപി വളര്‍ച്ച അഞ്ച് ശതമാനം

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്. ഇന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook