ന്യൂഡല്‍ഹി: കീറിയ 2000, 200 രൂപ നോട്ടുകള്‍ ഇനി കൈയ്യില്‍ കിട്ടുമ്പോള്‍ ശരിക്കുമൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചെറുതായി കേടുപാട് പറ്റിയ നോട്ടാണെങ്കില്‍ മുഴുവന്‍ പണവും തിരികെ ലഭിക്കുമെങ്കിലും വലിയ കേടുപാട് ആണെങ്കില്‍ പകുതി പണം പോലും ലഭിക്കില്ല. ചിലപ്പോള്‍ ഒന്നും തിരികെ ലഭിച്ചെന്നും വരില്ല. മഹാത്മാഗാന്ധി സീരീസില്‍ പുതുതായി ഇറക്കിയ നോട്ടുകളില്‍ കീറിയതും പഴകിയതുമായവ മാറ്റിയെടുക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ഇതിനു കഴിയാത്ത സ്ഥിതിയാണുണ്ടായിരുന്നത്. എന്നാല്‍, ഈ പ്രശ്നം പരിഹരിക്കാന്‍ 2009 ലെ നോട്ടുമാറ്റിയെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കി.
5 രൂപ, 10, രൂപ, 50, 100, 500രൂപ, എന്നിങ്ങനെയുളള നോട്ടുകള്‍ കേടുപാട് പറ്റിയാല്‍ തിരികെ പണം ലഭിക്കുമെന്ന് നേരത്തേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിശദമാക്കിയിരുന്നു. എന്നാല്‍ 200, 2000 എന്നീ പുതിയ കറന്‍സികള്‍ക്ക് കേടുപാട് പറ്റിയാല്‍ തിരികെ ലഭിക്കുമോ ഇല്ലയോ എന്ന് ആര്‍ബിഐ വ്യക്തത വരുത്തിയിരുന്നില്ല.
‘നോട്ട് മാറ്റിനല്‍കല്‍ ദേദഗതി 2018’ എന്ന പുതിയ നിയമ ഭേദഗതിയിലൂടെയാണ് നോട്ടുകള്‍ നല്കിയാല് തുക തിരികെ ലഭിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നത്. രണ്ടായിരം നോട്ടിന്റെ 88 ശതമാനം ഭാഗം കേടായിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും ലഭിക്കും. അഞ്ഞൂറിന്റേതിന് 80 ശതമാനവും ഇരുനൂറിന്റേ തിന് 78 ശതമാനവും നൂറിന്റേതിന് 75 ശതമാനവും കൈയ്യിലുണ്ടായിരിക്കണം. കീറിയ നോട്ടിന്റെ പാതിയാണു കൈയ്യിലുള്ളതെങ്കിലും കറന്‍സിയുടെ പാതി വില ലഭിക്കും. ആര്‍ബിഐ അടയാളപ്പെടുത്തുന്ന ശതമാനത്തിനും മുകളിലാണ് കേടുപാടെങ്കില്‍ യാതൊന്നും തിരികെ ലഭിക്കില്ല.
അളവുകളില്‍ മാറ്റം വരുത്തിയാണു റിസര്‍വ് ബാങ്ക് പുതിയ നോട്ടുകള്‍ ഇറക്കിയിരുന്നത്. നോട്ടുകള്‍ മാറി നല്കാന് നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും അളവുകള്‍ മാറ്റി ഇറക്കിയ നോട്ടിനു നിയമം ബാധകമാക്കിയിരുന്നില്ല. പുതിയ നിയമപ്രകാരം കേടുപാടുകൾ വന്നതിനാൽ ബാങ്കുകൾ നിരസിച്ച നോട്ടുകൾ രാജ്യത്തുടനീളമുള്ള ആർബിഐ ഓഫീസുകളിലോ നിർദിഷ്ട ബാങ്ക് ശാഖകളിലോ മാറി എടുക്കാനാകും.