ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം മോശം കാലാവസ്ഥയാകാമെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ കണ്ടെത്തൽ വ്യോമസേന ഉന്നത ഉദ്യോഗസ്ഥർ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് വിശദീകരിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെനെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയും വിമാനാപകടത്തെക്കുറിച്ചുള്ള ട്രൈ സർവീസ് അന്വേഷണത്തിന് നേതൃത്വം നൽകിയ എയർ മാർഷൽ മാനവേന്ദ്ര സിങ്ങും അന്വേഷണ കണ്ടെത്തലുകൾ വിശദീകരിച്ചത്. അന്വേഷണ റിപ്പോർട്ട് നേരത്തെ എയർ ചീഫ് മാർഷൽ ചൗധരിക്ക് സമർപ്പിച്ചിരുന്നു.
അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയെ തുടർന്ന് തകർന്നു വീഴുന്നതിനു മുൻപ് ഹെലികോപ്റ്റർ ഉപരിതലത്തിൽ ഇടിച്ചേക്കാമെന്ന് വൃത്തങ്ങൾ പറയുന്നു. ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ മോശം കാലാവസ്ഥയിൽ കുടുങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു. വെല്ലിങ്ടണിൽ പലപ്പോഴും ചെറിയ മൂടൽമഞ്ഞ് ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു.
ഹെലികോപ്റ്റര്‍ പറക്കാന്‍ യോഗ്യമായിരുന്നെന്നും പൈലറ്റിനു പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണു സിഐഎഫ്ടി അര്‍ഥമാക്കുന്നതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അപകടമുണ്ടായ കൂനൂര്‍ മേഖലയിലെ മോശം കാലാവസ്ഥ കാരണം ദൂരക്കാഴ്ച കുറഞ്ഞതും ഒരു കാരണമായേക്കാമെന്ന് അവര്‍ പറഞ്ഞു. ആഗോളതലത്തില്‍ വിമാനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് സിഐഎഫ്‌ടി.
ഊട്ടിക്കു സമീപം കൂനൂരില്‍ ഡിസംബര്‍ എട്ടിനാണു മോശം കാലാവസ്ഥമൂലം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിത റാവത്തും 12 സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്, ഹെലികോപ്റ്റര്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ പൃഥ്വിസിങ് ചൗഹാന്‍, സഹ പൈലറ്റ് കുല്‍ദീപ് സിങ്, ജൂനിയര്‍ വാറന്റ് ഓഫിസര്‍ റാണപ്രതാപ് ദാസ്, ജൂനിയര്‍ വാറന്റ് ഓഫിസിര്‍ മലയാളിയായ എ പ്രദീപ്, ലാന്‍സ് നായ്ക് വിവേക് കുമാര്‍, ലാന്‍സ് നായ്ക് ബി സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ റായ്, നായക് എന്‍ കെ ജിതേന്ദ്ര കുമാര്‍, നായക് എന്‍ കെ ഗുര്‍സേവക് സിങ് എന്നിവരാണു ദുരന്തത്തില്‍ മരിച്ച മറ്റ് ഉദ്യോഗസ്ഥർ.
കോയമ്പത്തൂരിനടുത്തുള്ള സുലൂര്‍ വ്യോസേനാ താവളത്തിൽനിന്നു വെല്ലിങ്ടണ്ണിലെ ഡിഫൻസ് സർവിസ് സ്റ്റാഫ് കോളജിലേക്കു പുറപ്പെട്ട വ്യോമസേനയുടെ മി-17 വി-5 ഹെലികോപ്റ്ററാണ് തകര്‍ന്നത്. ലാന്‍ഡിങ് പാഡിനു 10 കിലോമീറ്റർ മുൻപായിരുന്നു അപകടം.
Read More: കൂനൂർ ഹെലികോപ്റ്റര്‍ ദുരന്തം: മനപ്പൂര്‍വമല്ലാത്ത പിഴവായിരിക്കാം കാരണം, റിപ്പോര്‍ട്ട് ഈ മാസം