ന്യൂഡൽഹി: ഇന്ത്യൻ എക്സ്പ്രസിന്റെ നാഷണൽ പൊളിറ്റിക്കൽ എഡിറ്ററും നാഷണൽ ബ്യൂറോ ചീഫും ആയിരുന്ന രവീഷ് തിവാരി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഗുഡ്ഗാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 40 വയസ്സായിരുന്നു.
സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പുകൾ, പ്രധാനമന്ത്രിയുടെ ഓഫീസ്, നയതന്ത്ര വിഷയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കേന്ദ്ര സർക്കാർ തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്ന ഇന്ത്യൻ എക്സ്പ്രസിലെ മുതിർന്ന പത്രപ്രവർത്തകരുടെ സംഘത്തെ നയിച്ചിരുന്നത് രവീഷ് തിവാരി ആയിരുന്നു. റിപ്പോർട്ടർ, എഡിറ്റർ എന്നീ നിലകളിൽ മുന്നിൽ നിന്ന് നയിച്ച അദ്ദേഹം ഗ്രാമീണ കാര്യങ്ങൾ, കൃഷി, രാഷ്ട്രീയം, എന്നീ വിഷയങ്ങളിൽ രാജ്യത്തുടനീളം സഞ്ചരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ യുപി തിരഞ്ഞെടുപ്പ് പ്രചാരണവും അദ്ദേഹം കവർ ചെയ്തിരുന്നു.
ജവഹർ നവോദയ വിദ്യാലയത്തിൽ പഠിച്ച അദ്ദേഹം ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബി.ടെക് പാസായി. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ താൽപര്യം അദ്ദേഹത്തെ സാമൂഹിക ശാസ്ത്രത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചു. 2005-06ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ആറ് റോഡ്‌സ് സ്‌കോളർമാരിൽ ഒരാളായി സോഷ്യൽ ജസ്റ്റിസ് പഠിക്കാൻ ചേർന്നു. ഐഐടി ബോംബെയിലെ ടെക്‌ഫെസ്റ്റിന് പിന്നിലെ പ്രധാനികളിൽ ഒരാളായിരുന്നു അദ്ദേഹം.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ജയറാം രമേഷ് തുടങ്ങിയവർ അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു.
“വിധി രവീഷ് തിവാരിയെ വളരെ വേഗം വിളിച്ചു. മാധ്യമലോകത്ത് ശോഭനമായ ഒരു കരിയർ
ഇവിടെ അവസാനിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ വായിക്കുകയും ഇടയ്ക്കിടെ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം ഉൾക്കാഴ്ചയുള്ളവനും എളിമയുള്ളവനുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം നേരുന്നു. ഓം ശാന്തി.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
12 വർഷം ഇന്ത്യൻ എക്സ്പ്രസിൽ ചെലവഴിച്ച അദ്ദേഹം ഇതിനു മുൻപ്, ഇന്ത്യാ ടുഡേ, ദി ഇക്കണോമിക് ടൈംസ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.