ന്യൂഡൽഹി: സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ നിലനിൽക്കെ കമ്പനിയുടെ സിഇഒ മാർക്ക് സുക്കർബർഗിന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് കത്തയച്ചു. ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജ്മെന് വിഭാഗം വലതുപക്ഷ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന പേജുകൾ ഡിലീറ്റ് ചെയ്യുകയോ അവയുടെ റീച്ച് ഇല്ലാതാക്കുകയോ ചെയ്തുവെന്ന് ഐടി മന്ത്രിയുടെ കത്തിൽ പറയുന്നു.
ഫെയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥർ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട നയങ്ങളിൽ ഭരണകക്ഷി ബിജെപിക്ക് അനുകൂലമായി ഇടപെടുന്നുവെന്ന് യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് ബിജെപി അനുകൂല ഫെയ്സ്ബുക്ക് പേജുകളെ കമ്പനി ഡിലീറ്റ് ചെയ്യുകയോ അവയുടെ റീച്ച് കുറയ്ക്കുകയോ ചെയ്തുവെന്നാരോപിച്ച് കമ്പനി സിഇഒയ്ക്ക് മന്ത്രി കത്തയക്കുന്നത്.
വിവാദവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് അധികൃതരോട് ഈ മാസം രണ്ടിന് പ്രത്യേക പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് മുൻപാകെയാണ് ഫെയ്സ്ബുക്ക് അധികൃതർ ഹാജരാവേണ്ടത്.
Read More: ഫെയ്സ്ബുക്ക് അധികൃതർ തരൂരിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുൻപാകെ സെപ്റ്റംബർ രണ്ടിന് ഹാജരാവണം
അജ്ഞാതരെ ഉറവിടമാക്കിക്കൊണ്ട് അടുത്ത കാലത്ത് വന്ന വാർത്താ റിപ്പോർട്ടുകൾ ഫെയ്സ്ബുക്ക് കമ്പനിക്കകത്തെ പ്രത്യയ ശാസ്ത്ര മേധാവിത്തത്തിനായുള്ള മത്സരത്തിന്റെ ഭാഗമാണെന്ന് മന്ത്രിയുടെ കത്തിൽ പറയുന്നു. “2019 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെയ്സ്ബുക്ക് വലതുപക്ഷ ഉള്ളടക്കമുള്ള പേജുകളെ ഇല്ലാതാക്കുകയോ അവയുടെ റീച്ച് കുറയ്ക്കുകയോ ചെയ്തു. പക്ഷപാതവും നിഷ്‌ക്രിയത്വവും നിങ്ങളുടെ ഫേസ്ബുക്ക് ഇന്ത്യ ടീമിലെ വ്യക്തികളുടെ പ്രബലമായ രാഷ്ട്രീയ വിശ്വാസങ്ങളുടെ നേരിട്ടുള്ള ഫലനമാണെന്ന് തോന്നുന്നു,” കത്തിൽ പറയുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള ഒരു കൂട്ടം ഫേസ്ബുക്ക് ജീവനക്കാരുടെ ഈ കൂട്ടുകെട്ട് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും നിക്ഷിപ്ത താൽപ്പര്യങ്ങളെ സഹായിക്കുമെന്നും മന്ത്രി ആരോപിച്ചു.
Read More: വർഗീയതയെ അപലപിക്കുന്നു, ഞങ്ങൾ പക്ഷപാതരഹിതർ; വിവാദങ്ങളോട് പ്രതികരിച്ച് ഫെയ്സ്ബുക്ക്
അതേസമയം, വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വിവാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും തന്റെ അഭിപ്രായം അറിയിച്ചു. ഇന്ത്യൻ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും എതിരേ ഫെയ്സ്ബുക്ക് നടത്തുന്ന “നിന്ദ്യമായ ആക്രമണം” തുറന്നുകാട്ടുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചെയ്തതതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. വാൾസ്ട്രീറ്റ് ജേണലിൽ വന്ന ലേഖനവും ട്വീറ്റിനൊപ്പം കോൺഗ്രസ് മുൻ അധ്യക്ഷൻ പങ്കുവച്ചിട്ടുണ്ട്.
“ഇന്ത്യയുടെ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും നേരെയുള്ള ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സ്ആപ്പിന്റെയും ധീരമായ ആക്രമണത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ പൂർണ്ണമായും തുറന്നുകാട്ടി. നമ്മുടെ രാജ്യത്തിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഒരു വിദേശ കമ്പനിയെ അനുവദിക്കാൻ ആർക്കും കഴിയില്ല. ഇവരെക്കുറിച്ച് ഉടൻ അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുകയും വേണം,” രാഹുലിന്റെ ട്വീറ്റിൽ പറയുന്നു.
ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടിവ്, ബിജെപിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരേ “വിദ്വേഷ പ്രചാരണത്തിനെതിരായ നിയമങ്ങൾ പ്രയോഗിക്കുന്നതിനെ എതിർത്തു” എന്നായിരുന്നു ഡബ്ല്യുഎസ്ജെ റിപ്പോർട്ട്.
Read More: ശശി തരൂരിനെ ഐടി സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ദുബെ; ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത്
ബിജെപിയുമായി ബന്ധപ്പെട്ടതും, ഹിംസാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളിൽ പങ്കാളിയാവുന്നതോ ആയ തരത്തിൽ ഫ്ലാഗ് ചെയ്തതും ആയ ചുരുങ്ങിയത് നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിജെപി നേതാക്കൾക്കെതിരേ “നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണിത്,” എന്ന് ഫെയ്സ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അൻകി ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായും ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ പറയുന്നു.
Read More: ബിജെപി ബന്ധത്തെക്കുറിച്ച് ഫെയ്സ്ബുക്ക് മറുപടി പറയണം: സുക്കർബർഗിന് കോൺഗ്രസ് കത്തയച്ചു
ഇതിനു പിറകേ ഫെയ്സ്ബുക്കിനെതിരേ പ്രതിപക്ഷം വ്യാപക വിമർശനമുന്നയിച്ചിരുന്നു. ഫെയ്സ്ബുക്കിനെയും വാട്സാആപ്പിനെയും രാജ്യത്തെ ഭരണകക്ഷിയായ ബിജെപി നിയന്ത്രിക്കുകയാണെന്നും വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള വ്യാജവാർത്താ പ്രചാരണത്തിനായി അവയെ ഉപയോഗപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു പിറകേ സുക്കർബർഗിന് കോൺഗ്രസ് കത്തയക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഫെയ്‌സ്ബുക്ക് ഇന്ത്യ ഇടപെട്ടുവെന്ന ഗുരുതരവുമായ ആരോപണമാണിതെന്ന് സുക്കർബർഗിനയച്ച കത്തിൽ കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.