/indian-express-malayalam/media/media_files/uploads/2021/05/Prasad.jpeg)
ന്യൂഡൽഹി: വാട്സാപ്പ് പോലെ എൻഡ് ടു എൻഡ് എൻക്രിപ്ഷനുള്ള പ്ലാറ്റ്‌ഫോമുകളിൽനിന്ന്, കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനുമായി 'പരിമിത'മായ വിവരങ്ങൾ ശേഖരിക്കുന്ന റെഗുലേറ്ററി സംവിധാനം ഇന്ത്യയിൽ മാത്രമല്ലന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ്. പുതിയ സംവിധാനം സാധാരണ ഉപയോക്താക്കളെ ബാധിക്കില്ലെന്നും 'ദി ഇന്ത്യൻ എക്സ്പ്രസി'നു നൽകിയ പ്രത്യേക അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
"വാട്സാപ്പിലെ സാധാരണ ഉപയോക്താക്കൾക്ക് പേടിക്കാനായി ഒന്നുമില്ല, നേരത്തെ ഉപയോഗിച്ചിരുന്നത് പോലെ തന്നെ അവർക്ക് ഇനിയും വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും. ഞങ്ങൾ ആവശ്യപ്പെടുന്നത് വളരെ പരിമിതമായതാണ്," അദ്ദേഹം പറഞ്ഞു.
പുതിയ ഐടി നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി നൽകണമെന്നത് വാട്സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ഫെയ്ല്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
വാട്സാപ്പിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മൂലമാണ് സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും വിദ്യാർത്ഥികളും ഗവേഷകരും അധ്യാപകരുമടങ്ങുന്ന ഉപയോക്താക്കൾക്ക് പ്രതികാര ഭയമില്ലാതെ അവരുടെ അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം ഉപയോഗിക്കാൻ സാധിക്കുന്നതെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
Also Read: സോഷ്യല്‍ മീഡിയയും പരിരക്ഷയും; പുതിയ ഐടി നിയമത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നെന്നും അതിൽ സുപ്രീം കോടതിയുടെ വിധി അനുസരിക്കുമെന്നും രവി ശങ്കർ പ്രസാദ് വ്യക്തമാക്കി. എന്നാൽ 'തീവ്രവാദികൾക്കും കുറ്റവാളികൾക്കും. അഴിമതിക്കാരനും സ്വകാര്യതക്കുള്ള അവകാശമില്ലെന്ന്' അതേ വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എങ്ങനെയാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ലക്ഷങ്ങൾ വരുന്ന സമൂഹ മാധ്യമ ഉപയോക്താക്കളുടെ വിവരങ്ങൾ നേടിയത്? സ്വകര്യതയെക്കുറിച്ച് പഠിപ്പിക്കുന്നത് ഇന്ത്യയെ മാത്രമാണോ? അവർ വാട്സാപ്പിന്റെ സ്വകര്യത നയം മാറ്റുന്നു, ബിസിനസ് അക്കൗണ്ടുകളുമായി സംവദിക്കുന്നവരുടെ വിവരങ്ങൾ ഫെയ്ല്ബുക്കിന് നൽകുന്നു, അവർ തന്നെ സ്വകാര്യതയിൽ വിട്ടുവീഴ്ച വരുത്തിയിട്ട് ഞങ്ങൾക്ക് സ്വകാര്യതയിൽ ജ്ഞാനം നൽകുന്നു. ഇത് ഇരട്ടത്താപ്പാണ്," മന്ത്രി പറഞ്ഞു.
വാട്സാപ്പ് പോലുള്ള പ്ലാറ്റുഫോമുകളിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം അയക്കുന്ന സന്ദേശങ്ങളെ വായിക്കാൻ കഴിയാത്ത രീതിയിൽ എൻക്രിപ്റ്റ് ചെയ്ത് സന്ദേശം ലഭിക്കുന്ന ആളുടെ ഡിവൈസിൽ മാത്രം ഡീക്രിപ്റ്റ് ചെയ്യുന്ന സംവിധാനമാണ്. വാട്സാപ്പിന് പോലും ഈ സന്ദേശങ്ങൾ കാണാൻ സാധിക്കില്ലെന്ന് തുടരെ വാദിക്കുന്ന വാട്സാപ്പ്, കേന്ദ്രത്തിന്റെ പുതിയ നിയമം പ്രകാരം ചില കേസുകളിൽ മാത്രമായി എൻക്രിപ്ഷൻ മാറ്റാൻ സാധിക്കില്ലെന്ന് പറയുന്നു.
ബുധനാഴ്ച, ഇന്ത്യ മാത്രമല്ല ഇത്തരത്തിൽ വിവരങ്ങൾ ആവശ്യപ്പെടുന്നതെന്ന് രണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിൽ ഒന്ന് അമേരിക്കയിലെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിന് കീഴിലെ പൊതുകാര്യ വകുപ്പും രണ്ടാമത് മയക്കുമരുന്ന് മാഫിയയെ പിടികൂടുന്നതിനായി ബ്രസിൽ സർക്കാർ ചില വിവരങ്ങൾ വായിക്കാവുന്ന തരത്തിൽ ശേഖരിക്കുന്നുണ്ട് എന്നുമായിരുന്നു വ്യകത്മാക്കിയത്.
"ഞങ്ങൾ വാട്സാപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം ആവശ്യപ്പെടുന്നില്ല. ആരാണ് വിവരം പങ്കുവച്ചത്, വിദേശത്ത് നിന്നാണെങ്കിൽ, ഇന്ത്യയിൽ ആരാണ് ആദ്യം പങ്കുവച്ചത്? അത്രയുമാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഒരു വലിയ കാര്യമോ, എൻക്രിപ്ഷൻ തകർക്കണമെന്നോ പറയുന്നില്ല. ഞാൻ ആവർത്തിക്കുന്നു, സാധാരണ ഉപയോക്താക്കൾക്ക് എൻക്രിപ്ഷനുള്ള മുഴുവൻ സ്വാതന്ത്ര്യവുമുണ്ട്." രവി ശങ്കർ പ്രസാദ് പറഞ്ഞു.
എല്ലാ സമൂഹ മാധ്യമങ്ങൾക്കും, മെസേജിങ് ആപ്പുകൾക്കുമായി പുതിയ ഐടി നിയമം ഈ വർഷം ഫെബ്രുവരി 25നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സന്ദേശങ്ങളുടെ സ്രഷ്ടാവിനെ മെസേജിങ് ആപ്പുകൾ കണ്ടെത്തണമെന്ന ഉത്തരവും ഐടി മന്ത്രാലയം അതോടൊപ്പം നിർബന്ധമാക്കി.
പുതിയ ഐടി നിയമത്തിലെ പ്രധാന ഘടകങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ സ്വകാര്യതയ്ക്ക് മേലുള്ള ഭീഷണിയാണെന്ന ട്വിറ്ററിന്റെ അഭിപ്രായത്തെയും മന്ത്രി കുറ്റപ്പെടുത്തി. ട്വിറ്റർ പറഞ്ഞ തുറന്ന ചർച്ചക്ക് തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥനായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിലും ട്വിറ്റർ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഒരു മികച്ച പരാതി പരിഹാര സംവിധാനം ഉണ്ടാക്കുന്നതിൽ ട്വിറ്റർ വിമുഖത കാണിക്കുന്നത് എന്നതിനാണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് വലിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു.
സർക്കാർ എല്ലാ ദിവസവും സമൂഹ മാധ്യമങ്ങളിലെ വിഷയങ്ങളിൽ ഇടപെടാൻ പോകുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും രവി ശങ്കർ പ്രസാദ് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.