ലക്നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങി അയോധ്യയിൽ നിന്ന് 650 കിലോമീറ്റർ അകലെ രാവണനുവേണ്ടി സമർപ്പിക്കപ്പെട്ട ക്ഷേത്രത്തിലെ പുരോഹിതനും. ഗൗതം ബുദ്ധനഗറിലെ ബിസ്രാഖ് പ്രദേശത്താണ് രാവണന് സമർപ്പിക്കപ്പെട്ട ക്ഷേത്രം.

ക്ഷേത്രത്തിലെ പുരോഹിതനായ മഹാന്ത് രാംദാസ് ആണ് ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. ആഗസ്റ്റ് 5 ന് ക്ഷേത്രനഗരമായ അയോധ്യയിൽ നടക്കുന്ന ‘ഭൂമി പൂജ’ ചടങ്ങ് സമാപിച്ച ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്യുമെന്നും മഹാന്ത് രാംദാസ് പറഞ്ഞു.

“രാമന്റെ ക്ഷേത്രത്തിനായുള്ള ഭൂമി പൂജ അയോധ്യയിൽ നടക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ചടങ്ങിനുശേഷം, ഞാൻ ‘ലഡു’ വിതരണം ചെയ്യുകയും സന്തോഷകരമായ നിമിഷം ആഘോഷിക്കുകയും ചെയ്യും. അയോദ്ധ്യയിലെ രാമന്റെ ക്ഷേത്രത്തിനായുള്ള ഭൂമി പൂജ തീർച്ചയായും വളരെ നല്ലൊരു സംഭവവികാസമാണ്. അവിടെ ഒരു വലിയ ക്ഷേത്രം പണിയുന്നതിനാൽ ഞാൻ സന്തുഷ്ടനാണ്, ” അദ്ദേഹം പറഞ്ഞു.

Read More: കോവിഡ് നിയന്ത്രണങ്ങൾക്കിടെ അയോധ്യയിലെ ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

“രാവണൻ ഇല്ലായിരുന്നുവെങ്കിൽ ശ്രീരാമനെക്കുറിച്ച് ആരും അറിയുമായിരുന്നില്ല. ശ്രീരാമന്റെ അഭാവത്തിൽ രാവണനെക്കുറിച്ച് ആരും ഒന്നും അറിയുമായിരുന്നില്ല, ” മഹാന്ത് രാംദാസ് പറഞ്ഞു,

പ്രാദേശിക നാടോടിക്കഥകൾ അനുസരിച്ച്, രാവണന്റെ ജന്മസ്ഥലമാണ് ബിസ്രാഖ്, “ഞങ്ങൾ ഇതിനെ രാവണ ജന്മഭൂമി എന്ന് വിളിക്കുന്നു,” പുരോഹിതൻ പറഞ്ഞു.

അറിവുള്ള വ്യക്തിയായും നിരവധി മേഖലകളിൽ വിദഗ്ധനായും രാവണനെ വിശേഷിപ്പിച്ച അദ്ദേഹം സീതയെ തട്ടിക്കൊണ്ടുപോയ ശേഷം രാവണൻ അവരെ അശോകവനിയിൽ പാർപ്പിച്ചുവെന്നും കൊട്ടാരത്തിലേക്ക് കൊണ്ടുപോയില്ലെന്നും പറഞ്ഞു.

“ഇതുകൂടാതെ, സീതയെ കാവൽ നിൽക്കാനായി അദ്ദേഹം സ്ത്രീകളെ നിയമിച്ചു. ശ്രീരാമനെ മര്യാദാ പുരുഷോത്തമനായി വിളിക്കുകയാണെങ്കിൽ ഒരു പരിധി വരെ രാവണൻ വ്യക്തികളുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന ആളാണെന്ന് പറയാം,” മഹാന്ത് രാംദാസ് പറഞ്ഞു.

Read More: രാമക്ഷേത്ര ഭൂമിപൂജ: വേദിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം; അറിയേണ്ടതെല്ലാം

ബിസ്രാക്കിലെ ക്ഷേത്രത്തിൽ ശിവൻ, പാർവതി, കുബേരൻ എന്നിവരുടെ വിഗ്രഹങ്ങളുമുണ്ട്.“രാത്രിയിൽ പോലും ക്ഷേത്രം അടയ്ക്കുന്നില്ല. ഇവിടെയെത്തുന്ന ഭക്തർ ശിവനോടും കുബേരോടും രാവണനോടും പ്രാർത്ഥിക്കുന്നു. ഇവിടെയെത്തുന്ന 20 ശതമാനം ഭക്തരും രാവണനെ ആരാധിക്കുന്നു,” മഹാന്ത് രാംദാസ് പറഞ്ഞു.

രാമായണമനുസരിച്ച്, രാവണൻ രാമന്റെ പത്നി സീതയെ ലങ്ക രാജ്യത്തിലേക്ക് കൊണ്ടുപോകുകയും, അവിടെ അശോക വനിയിൽ സീതയെ തടവിലാക്കുകയുമാണ്. പിന്നീട്, രാമൻ, വാനര രാജാവ് സുഗ്രീവിന്റെയും അദ്ദേഹത്തിന്റെ സൈന്യത്തിന്റെയും പിന്തുണയോടെ ലങ്കയെ ആക്രമിക്കുകയും രാവണനെ കൊലപ്പെടുത്തുകയും സീതയെ രക്ഷിക്കുകയുമാണ് ചെയ്യുന്നത്.

Read More: Ravan temple priest to celebrate foundation laying of Ram temple in Ayodhya

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook