scorecardresearch

രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാം; അതിഥി തൊഴിലാളികൾക്ക് അഭയ കേന്ദ്രങ്ങൾ: ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

ആധാറുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക

ആധാറുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക

author-image
WebDesk
New Update
migrant labour, ie malayalam

ന്യൂഡൽഹി: റേഷൻ കാർഡിൽ പേരുള്ളവർക്ക് രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്നും റേഷൻ വാങ്ങാവുന്ന തരത്തിൽ ഇന്ത്യയിലെ പൊതു വിതരണ സംവിധാനം പരിഷ്കരിക്കും. സ്വയം പര്യാപ്ത ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത്) പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച വൺ നേഷൻ വൺ റേഷൻ പദ്ധതി പ്രകാരമാണ് പൊതു വിതരണ സംവിധാനങ്ങളിൽ മാറ്റം വരുത്തുന്നത്. അതിഥി തൊഴിലാളികൾക്ക് ഗുണകരമാവുന്ന തരത്തിലാണ് റേഷൻ കാർഡ് രാജ്യത്തെവിടെയും ഉപയോഗിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Advertisment
  • ഈ വർഷം ഓഗസ്റ്റോടെ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാകും.
  • 23 സംസ്ഥാനങ്ങളിലെ 67 കോടി ആളുകൾക്കാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഗുണഫലം ലഭിക്കുക.
  • രാജ്യത്തെ പൊതുവിതരണ സംവിധാനം ഉപയോഗിക്കുന്നവരുടെ 83 ശതമാനം വരുമിത്.
  • അടുത്തവർഷം മാർച്ചോടെ പദ്ധതി രാജ്യവ്യാപകമായി സമ്പൂർണമായി നടപ്പാക്കും.
  • ഇതോടെ തൊഴിലാളികൾ ഏത് സംസ്ഥാനത്താണോ കഴിയുന്നത് അവിടെയുള്ള പ്രാദേശിക റേഷൻ കടയിൽ നിന്ന് അവർക്ക് സ്വന്തം റേഷൻകാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളും വാങ്ങാൻ സാധിക്കും.
  • ഒരേ റേഷൻ കാർഡിൽ പേരുള്ളവർക്ക് വ്യത്യസ്ത കടകളിൽനിന്ന് റേഷൻ വാങ്ങാനും ഒരു രാജ്യം ഒരു റേഷൻ പദ്ധതിയിലൂടെ സാധിക്കും.
  • അതിഥി തൊഴിലാളികൾക്ക് അവരുടെ വിഹിതം അവർ കഴിയുന്ന സംസ്ഥാനത്തെ റേഷൻ കടയിൽ നിന്നും, നാട്ടിലുള്ള കുടുംബാംഗങ്ങളുടെ വിഹിതം അവിടെയുള്ള റേഷൻ കടകളിൽ നിന്നുമാണ് വാങ്ങാൻ കഴിയുക.
  • ആധാറുമായി ബന്ധിപ്പിച്ചാണ് പദ്ധതി.
  • ഓൺലൈൻ സംവിധാനത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

സ്വയം പര്യാപ്ത ഇന്ത്യ പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നടത്തിയ രണ്ടാമത്തെ വാർത്താ സമ്മേളനമാണ് ഇന്നത്തേത്.  പ്രധാനമായും ചെറുകിട കർഷകർ, ചെറുകിട വ്യാപാരികൾ, അതിഥിതൊഴിലാളികൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കായുള്ള പദ്ധതികളാണ് ധനമന്ത്രി ഇന്ന്  പ്രഖ്യാപിച്ചത്.

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

  • അതിഥി തൊഴിലാളികൾക്ക് അഭയ കേന്ദ്രങ്ങളൊരുക്കാൻ 11,000 കോടിരൂപ  ചിലവഴികക്കും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കാണ് പണം നൽകുക. അഭയം കേന്ദ്രങ്ങളിലെ അതിഥി തൊഴിലാളികൾക്ക് മൂന്നുനേരം ഭക്ഷണം ലഭ്യമാക്കാനും ഈ പണം വിനിയോഗിക്കും.
  • അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കും. 5കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പും നൽകും. ഇതിനുളള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. 8 കോടി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുണം കിട്ടും. സംസ്ഥാനങ്ങൾക്കാണ് നടത്തിപ്പ് ചുമതല.
  • ഇതര സംസ്ഥാനങ്ങളിൽ നിന്ന് സ്വദേശത്ത് തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് നാട്ടിൽ തന്നെ തൊഴിൽ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമപ്രകാരം ഇതിനുള്ള സംവിധാനമൊരുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും.
Advertisment
  • ആദിവാസി സമുദായങ്ങളിലുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും.
  • തൊഴിലാളികൾക്ക് മിനിമം വേതനത്തിനുള്ള അവകാശം രാജ്യവ്യാപകമായി ഏകീകരിച്ച് നടപ്പാക്കും. നിലവിൽ 30 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ് മിനിമം വേതനം ലഭിക്കുന്നത്. അസംഘടിത മേഖലയിലടക്കമുള്ളവർക്ക് മിനിമം വേതനം ലഭ്യമാക്കും. രാജ്യത്താകെ തൊഴിൽ നിയമങ്ങൾ ഏകീരിക്കാൻ ശ്രമിക്കും.
  • കാർഷിക വായ്പയുടെ മൊറട്ടോറിയം ഈമാസം ദീർഘിപ്പിച്ചു. മൂന്ന് കോടിയോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷകർക്ക് നാല് ലക്ഷം കോടിയുടെ കാർഷിക വായ്പ ലഭ്യമാക്കിയതായി ധനമന്ത്രി പറഞ്ഞു. ഈ വായ്പകൾക്ക് നേരത്തേ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഈ മാസം 31 വരെ നീട്ടിയത്.

സ്വയം പര്യാപ്ത ഇന്ത്യ പാക്കേജിന്റെ ഭാഗമായി ധനമന്ത്രി ബുധനാഴ്ച നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ പദ്ധതിയുടെ ആദ്യ ഘട്ടമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 3.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടുതൽ മേഖലകൾക്കുള്ള ആശ്വാസ നടപടികൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. തിങ്കളാഴ്ചയാണ് 20 ലക്ഷം കോടിയുടെ സ്വയം പര്യാപ്ത ഇന്ത്യ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. രാജ്യത്തെ ലോക്ക്ഡൗൺ നാലാംഘട്ടത്തിലേക്ക് നീളുമെന്നും പ്രധാനമന്ത്രി സൂചന നൽകിയിരുന്നു.

Lockdown Nirmala Sitharaman Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: