ന്യൂഡല്‍ഹി: ബിനാമി ഇടപാടുകളെ കുറിച്ചുളള രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരുകോടി രൂപ വരെ പ്രതിഫലം നല്‍കുന്ന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു. ബിനാമി ട്രാന്‍സാക്ഷന്‍ ഇന്‍ഫോര്‍മന്റ്സ് റിവാര്‍ഡ് സ്കീം, 2018 എന്ന പദ്ധതിയിലാണ് പ്രതിഫലം നല്‍കുന്നത്. അതായത് ബിനാമി വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നവരെ കുറിച്ച് നിങ്ങള്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ കോടിപതി ആകാമെന്ന് ചുരുക്കം. ഈ മാസം മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വന്നു.

ബിനാമി വസ്തുക്കളുടെ മൂല്യം അനുസരിച്ച് കുറഞ്ഞത് 15 ലക്ഷവും കൂടിയത് 1 കോടി രൂപയും സര്‍ക്കാര്‍ പ്രതിഫലമായി നല്‍കും. നല്‍കുന്ന വിവരം കൃത്യതയുളളതാണെങ്കിലാണ് പ്രതിഫലം ലഭിക്കുക. ഇവരുടെ വിവരവും കേന്ദ്രം രഹസ്യമായി സൂക്ഷിക്കും. വിദേശത്തുളളവര്‍ക്കും വിവരങ്ങള്‍ കൈമാറി പ്രതിഫലം നേടാം.

വിവരം നല്‍കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാം രഹസ്യമായി സൂക്ഷിക്കും. ബിനാമി വസ്തു ഇടപാട് നിയമപ്രകാരം ഇത് സാധ്യമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്‍ഫോഴ്മെന്റും ആദായനികുതി വകുപ്പും നേരത്തേയും വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്. എന്നാല്‍ ഇത്രയും കൂടിയ തുക ഇത് ആദ്യമായാണ് മുന്നോട്ട് വയ്‌ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ