രാഷ്ട്രപത്നി പരാമര്‍ശത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനോട് ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി. ഭരണകക്ഷിയായ ബി ജെ പിയില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
“പ്രസിഡന്റ് പദവിയെ വിവരിക്കാന്‍ തെറ്റായ വാക്ക് ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അത് ഒരു നാക്ക് പിഴ സംഭവിച്ചതാണ്. ഞാന്‍ ക്ഷമ ചോദിക്കുന്നു. ക്ഷമാപണം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു,” പ്രസിഡന്റിനുള്ള കത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശത്തിന് പിന്നാലെ ലോക്‌സഭയിൽ മന്ത്രിമാരായ സ്മൃതി ഇറാനിയും രാജ്യസഭയിൽ നിർമല സീതാരാമനും നേതൃത്വം നൽകുന്ന ബിജെപി ശക്തമായി പ്രതിഷേധിക്കുകയും ചൗധരിയോടും കോൺഗ്രസ് അധ്യക്ഷ സോണിയയോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രസിഡന്റിനെ രാഷ്ട്രപത്നി എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമാണെന്ന് നിര്‍മല സീതാരാമന്‍ രാജ്യസഭയിൽ പറഞ്ഞു.
പ്രസിഡന്റ് ദ്രൗപതി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് പരാമർശിച്ചതിലെ തെറ്റ് അംഗീകരിച്ചതായും രാഷ്ട്രപതിയോട് മാപ്പ് പറയുമെന്നും അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചിരുന്നു. എന്നിരുന്നാലും കപടവാദികളോട് മാപ്പ് പറയില്ലെന്നായിരുന്നു ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍.