നെയ്റോബി: നൂറ് വര്‍ഷത്തിന് ശേഷം ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കരിമ്പുലിയെ കണ്ടെത്തി. 1909ന് ശേഷം ഇത് ആദ്യമായാണ് കെനിയയിലെ വനാന്തരങ്ങളില്‍ കരിമ്പുലിയെ കണ്ടെത്തിയത്. പുലിയുടെ ചിത്രങ്ങളും വന്യജീവി ഗവേഷകര്‍ക്ക് പകര്‍ത്താനായി.

മാസങ്ങളോളം നിരീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്തതിന് ശേഷമാണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ പകര്‍ത്താനായതെന്ന് സാന്‍ഡിയാഗോ വന്യജീവി സങ്കേതത്തിലെ ഗവേഷകന്‍ നിക്ക് പില്‍ഫോള്‍ഡ് പറഞ്ഞു. കെനിയയില്‍ കരിമ്പുലി ഉണ്ടെന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ലൈക്കിപ്പിയ കൗണ്ടിയില്‍ കഴിഞ്ഞ വര്‍ഷം ക്യാമറകള്‍ സ്ഥാപിച്ചത്. പുലികളുടെ സംഖ്യ കൂടി കണക്കിലാക്കാനായിരുന്നു ഉദ്ദേശം.

ബ്ലാക്ക് പാന്തേഴ്സ് എന്ന് കൂടി അറിയപ്പെടുന്ന കരിമ്പുലികള്‍ ആഫ്രിക്കയില്‍ അപൂര്‍വ്വമായി മാത്രമെ കാണപ്പെടാറുളളു. കരിമ്പുലികള്‍ കരീബിയന്‍ കാടുകളില്‍ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് അതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാകുന്നത്. ആഫ്രിക്കന്‍ ജേണല്‍ ഓഫ് ഇക്കോളജിയിലാണ് പുലിയുടെ ചിത്രങ്ങള്‍ പ്രസിദ്ദീകരിച്ചിരിക്കുന്നത്.

കരിമ്പുലി സാധാരണ പുള്ളിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒരേ ഇനമാണ്. പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. ശ്രദ്ധിച്ചു നോക്കുകാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്. ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ