വിയറ്റ്‌നാം: ചന്ദ്രോപരിതലത്തില്‍ നിന്ന് ലഭിച്ച അപൂര്‍വ്വമായ കല്ല് ലേലത്തില്‍ വിറ്റുപോയത് 612,500 ഡോളറിന്. അതായത് ഏകദേശം 4.5. കോടി രൂപയ്ക്ക്. ബോസ്റ്റണില്‍ നടന്ന ലേലത്തിലാണ് 5 കിലോഗ്രാം ഖനമുള്ള എന്‍ഡബ്‌ള്യൂ എ 11789 എന്നും ‘മൂണ്‍ പസില്‍ എന്നും അറിയപ്പെടുന്ന കല്ല് ലേലത്തില്‍ വെച്ചത്.

500,000 ഡോളറാണ് അധികൃതര്‍ ഇതിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 612,500 ഡോളറിന് ലേലം ഉറപ്പിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് കല്ല് കിട്ടിയതെന്നാണ് അധികൃതരുടെ വാദം അതേസമയം ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും ചന്ദ്രനില്‍നിന്ന് വീണതാകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് നിന്നുളള മരുഭൂമിയില്‍ നിന്നാണ് കല്ല് കണ്ടെത്തിയിരുന്നത്. അഞ്ച് കഷണങ്ങള്‍ ഒന്നായി ചേര്‍ന്നത് പോലെയുളളത് കൊണ്ടാണ് കല്ലിന് മൂണ്‍ പസില്‍ എന്നും പേരിട്ടത്. ലോകത്ത് ഇന്ന് ലഭ്യമായതില്‍ ഏറ്റവും പ്രധാനപ്പെട്ട ഉല്‍ക്കാശിലയാണിത്.

വിയറ്റ്നാമില്‍ നിന്നുളളയാളാണ് കല്ല് വാങ്ങിയതെന്നാണ് വിവരം. ലോകത്താകമാനമുളള ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകും മൂണ്‍ പസിലെന്നാണ് ഗവേഷകരുടെ പക്ഷം. ലോകത്ത് ഇത് ആദ്യമയാണ് ചന്ദ്രനില്‍ നിന്നുളള കല്ല് ഇത്രയും തുകയ്ക്ക് വില്‍പ്പനയ്ക്ക് നടത്തുന്നത്.

നേരത്തേ ചന്ദ്രനില്‍ നിന്ന് നേരിട്ട് കൊണ്ടുവന്ന മണ്ണും കല്ലും അടങ്ങിയ ബാഗ് 11.6 കോടി രൂപയ്ക്ക് (18 ലക്ഷം ഡോളര്‍) ലേലം ചെയ്തിരുന്നു. 1969ല്‍ നാസയുടെ അപ്പോളോ 11 ദൗത്യത്തില്‍ നീല്‍ ആംസ്‌ട്രോങ്ങും സംഘവുമാണ് ചന്ദ്രനിലെ വസ്തുക്കള്‍ കൊണ്ടുവന്നത്. ചന്ദ്രനിലെ മണ്ണും കല്ലും പൊടിയുമാണ് വെളുത്ത നിറത്തിലുള്ള ബാഗിലുണ്ടായിരുന്നത്. അജ്ഞാതനാണ് ചാന്ദ്രദൗത്യത്തിലെ ശേഷിപ്പ് ലേലത്തില്‍ പിടിച്ചത്.

2015 ല്‍ 995 ഡോളറിന് ഒരു സ്ത്രീ ഇതു വാങ്ങിയിരുന്നു. ഒരാഴ്ചയായി നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ലേലം നടന്നത്. 1969ലെ നാസയുടെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമായിരുന്നു അപ്പോളോ 11. ഓണ്‍ലൈനിലൂടെ സര്‍ക്കാര്‍ നടത്തിയ ലേലത്തിലാണ് അദ്യ വ്യക്തി ഇതു സ്വന്തമാക്കിയത്. പിന്നീട് ഇത് തിരിച്ചുപിടിക്കാന്‍ നാസ നിയമയുദ്ധം നടത്തി. ഷിക്കാഗോയിലെ സ്ത്രീയാണ് രണ്ടു വര്‍ഷം ഇത് കൈവശം വച്ചിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ സ്ത്രീ ഉന്നയിക്കുന്ന ഉടമസ്ഥതാവകാശം നിയമപരമാണെന്ന് യു.എസ് ഫെഡറല്‍ കോടതി വിധിച്ചു.

ബഹിരാകാശ പേടകം ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം അതിലെ എല്ലാ വസ്തുക്കളും ഒരു മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മണ്ണടങ്ങിയ ബാഗ് മ്യൂസിയത്തിലേക്ക് മാറ്റാനുള്ള പട്ടികയില്‍ ഇടം നേടിയിരുന്നില്ല. പിന്നീടാണ് ഇത് സ്വകാര്യ വ്യക്തിയുടെ കൈയിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook