ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശക്തമായ വികാരം. ബലാത്സംഗ കേസിലെ കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ ആള്‍ക്കൂട്ടത്തിനു വിട്ടുകൊടുക്കണമെന്ന് ജയ ബച്ചന്‍ എംപി രാജ്യസഭയില്‍ പറഞ്ഞു.
”അവരെ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്കു വിട്ടുകൊടുക്കണം. ശരിയായതും കൃത്യവുമായ ഉത്തരം സര്‍ക്കാര്‍ നല്‍കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന സമയമാണിതെന്ന് ഞാന്‍ കരുതുന്നു,”ജയ ബച്ചന്‍ പറഞ്ഞു. കുറ്റവാളികളോട് ഒരു ദയയും പാടില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
Rajya Sabha MP Jaya Bachchan on rape & murder of woman veterinary doctor in Telangana: I think it is time the people now want the government to give a proper and a definite answer. pic.twitter.com/D87xUB2cSg
— ANI (@ANI) December 2, 2019
ഒരു സര്‍ക്കാരോ അല്ലെങ്കില്‍ നേതാവോ ഇത്തരമൊരു സംഭവം തങ്ങളുടെ സംസ്ഥാനത്ത് നടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വാര്‍ത്തയാക്കി മാത്രം ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇത്തരം പ്രവൃത്തികളെ ഉന്മൂലനം ചെയ്യാന്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് നിലപാടെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read Also: പ്രതിഷേധം ഫലംകണ്ടു; വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ അതിവേഗ വിചാരണ നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു
ഈ രാജ്യം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമല്ലെന്നാണ് എഐഎഡിഎംകെ എംപി വിജില സത്യനാഥ് പറഞ്ഞത്. കുറ്റകൃത്യം ചെയ്ത നാലു പേരെയും ഡിസംബര്‍ 31 ന് മുന്‍പ് തൂക്കിക്കൊല്ലണം. ഇതിനായി അതിവേഗ കോടതി സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ലോക്‌സഭയിലും ശക്തമായ നിലയില്‍ വിഷയം ഉയര്‍ന്നു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ സ്പീക്കര്‍ ഓം ബിര്‍ല, വിഷയം ചോദ്യോത്തര വേളയില്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കി.
Read Also: ഡോക്ടറുടെ കൊലപാതകം; എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളാൻ പ്രതികളുടെ അമ്മമാർ
ഹൊദരാബാദിലെ ഷംഷാബാദില്‍ കഴിഞ്ഞ ബുധനാഴ്ചയാണു ക്രൂരമായ കൊലപാതകം നടന്നത്. ഇരുപത്തിയാറുകാരിയായ വെറ്ററിനറി ഡോക്ടറെ ലോറി ഡ്രൈവറും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം പെട്രൊള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook