സന: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ജനമധ്യത്തില്‍ നടപ്പാക്കി. യെമനിലാണ് നൂറ് കണക്കിന് പേരെ സാക്ഷിയാക്കി ശരീയത്ത് നിയമപ്രകാരം വധശിക്ഷ നടപ്പാക്കിയത്. 41കാരനായ മുഹമ്മദ് അല്‍ മഗ്റബിയെയാണ് വിലങ്ങണിയിച്ച് ആര്‍ത്തുവിളിച്ച ജനങ്ങള്‍ക്കിടയിലൂടെ കൊണ്ടുവന്നത്.

നൂറുകണക്കിന് പേര്‍ മേല്‍ക്കുരകള്‍ക്ക് മുകളിലും മറ്റും സ്ഥാനം പിടിച്ച് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫോണിലും ക്യാമറകളിലും പകര്‍ത്തി. പ്രതിയെ റോഡില്‍ കിടത്തിയ പൊലീസുകാരന്‍ അഞ്ച് തവണയാണ് ഇയാളുടെ തലയിലേക്ക് വെടിയുതിര്‍ത്തത്.

യെമന്‍ തലസ്ഥാനമായ സനയിലെ തഹരിര്‍ സ്ക്വയറിലാണ് വധശിക്ഷ നടപ്പിലാക്കിയത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. ഇയാള്‍ പീഡിപ്പിച്ച് കൊന്ന കുട്ടിയുടെ ബന്ധുക്കളുടെ ആക്രമണം ഭയന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

കേസില്‍ ശരീയത്ത് നിയമപ്രകാരമാണ് കോടതി വധശിക്ഷ വിധിച്ചത്. പിന്നാലെ പ്രതിയെ പൊലീസ് വാഹനത്തില്‍ സ്ഥലത്തെത്തിച്ചു. വധശിക്ഷ നേരിട്ട് കണ്ടപ്പോള്‍ തനിക്ക് പുനര്‍ജന്മം കിട്ടിയത് പോലെ അനുഭവപ്പെട്ടതായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. 11കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 2009ലാണ് അവസാനമായി യെമനില്‍ ശരീയത്ത് നിയമപ്രകാരം വധശിക്ഷ നടപ്പിലാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook