ന്യൂഡൽഹി: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയുടെ മകനെതിരെ കേസെടുത്തു. മഹാഅക്ഷയ് ചക്രവർത്തി തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയതിന് മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിയ്‌ക്കെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്.
മഹാഅക്ഷയ്‌ക്കെതിരെയും യോഗിത ബാലിയ്‌ക്കെതിരെയും കേസെടുക്കാൻ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഏക്ത ഗ്വാബയാണ് ഉത്തരവിട്ടത്. യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ കേസെടുക്കാൻ പ്രാഥമിക തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിർദ്ദേശം.
ഗർഭിണിയായ തനിക്ക് മരുന്ന് നൽകി ഗർഭം അലസിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. മകനുമായുളള ബന്ധം തുടർന്നാൽ അതിന്റെ അനന്തരഫലം വലുതായിരിക്കുമെന്ന് യോഗിത ബാലി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഭീഷണിയെ ഭയന്ന് മുംബൈയിൽനിന്നും ഡൽഹിയിലേക്ക് താമസം മാറിയതായും പരാതിയിലുണ്ട്.