ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെ അഴിക്കുള്ളിലാക്കിയത് രണ്ടു പെൺകുട്ടികൾ നടത്തിയ നിയമ പോരാട്ടമാണ്. പെൺകുട്ടികൾ നൽകിയ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗുർമീത് കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചത്.

Read More: ലീലാവിലാസത്തിന് ദശാബ്ദം തടവ്: ആൾദൈവം ഗു​ർ​മീ​ത് റാം ​റഹിം സിങ് പിഴയും ഒടുക്കണം

1999 സെപ്റ്റംബറിലായിരുന്നു ഗുർമീതിനെതിരായ ആദ്യ പരാതി. ഗുർമീത് താമസിക്കുന്നത് നിലവറ പോലുളള മുറിയിലാണ്. ഇതിന് കാവൽ നിൽക്കുന്നത് സന്യാസിനിമാരാണ്. രാത്രി 8 മുതൽ 12 മണിവരെയുളള ഷിഫ്റ്റിൽ ജോലി ഉണ്ടായിരുന്ന തന്നെ 10 മണിയോടെ മുറിയിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ഒരു പെൺകുട്ടിയുടെ മൊഴി. ചെയ്ത പാപങ്ങൾക്ക് മാപ്പ് നൽകാം എന്നു പറഞ്ഞ് മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ പെൺകുട്ടി നൽകിയ മൊഴി.

Read More: ആരാണ് ഗുര്‍മീത് റാം റഹിം സിങ്?

ദൈവമായാണ് റാം റഹിമിനെ കാണുന്നതെന്ന് പറഞ്ഞപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനും ഇതുപോലെയാണ് മാപ്പ് നൽകിയെന്നായിരുന്നു മറുപടി പറഞ്ഞതെന്നും മൊഴി നൽകിയിരുന്നു. സംഭവത്തിനുശേഷം രണ്ടു പെൺകുട്ടികളും വിവാഹം കഴിച്ച് ആശ്രമം വിട്ടു. തുടർന്ന് ഇരുവരും ഭർത്താക്കന്മാരുടെ പിന്തുണയോടെ നടത്തിയ നിയമ പോരാട്ടമാണ് ഗുർമീതിന്റെ ശിക്ഷാ വിധിയിൽ കലാശിച്ചത്. അതേസമയം, പെൺകുട്ടികളുടെ സുരക്ഷയെ കണക്കിലെടുത്ത് ഇവർ എവിടെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

Read More: ജീവന് ഭീഷണിയുണ്ടായിട്ടും വഴങ്ങിയില്ല; ഗുർമീതിന് കഠിന തടവ് വിധിച്ച ജഡ്ജി ജഗ്‌ദീപ് സിങ്ങിനെക്കുറിച്ചറിയാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ