കാബൂള്‍: അഫ്ഗാനിസ്ഥാന് ഫുട്ബോള്‍ ഫെഡറേഷനിലെ അംഗങ്ങള്‍ക്കെതിരായ ലൈംഗിക അതിക്രമ ആരോപണം ഫിഫ അന്വേഷിക്കും. എഎഫ്എഫിലെ മുതിര്‍ന്ന രണ്ട് പുരുഷ അംഗങ്ങള്‍ ദേശീയ വനിതാ ടീമിലെ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും മര്‍ദ്ദിച്ചെന്നുമാണ് ആരോപണം.
വിവാദത്തെ തുടര്‍ന്ന് പ്രമുഖ സ്പോര്‍ട്സ് ബ്രാന്റായ ഹമ്മല്‍സ് അഫ്ഗാന് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്തിരുന്നു. ഫെഡറേഷന് പ്രസിഡന്റ് കെമറുദ്ദീന് കരീം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഹമ്മല്‍സും കരീമിന്റെ രാജിക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ഫെഡറേഷനെതിരായ ആരോപണങ്ങളെ കുറിച്ച് കരീമിനും മറ്റും അറിയാമായിരുന്നുവെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും വ്യക്തമായതായും ഹമ്മല്‍സ് പറയുന്നു. ലൈംഗിക അത്രിക്രമങ്ങളോട് സഹിഷ്ണുതയില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഹമ്മല്‍സ് കരീമിന്റെ രാജി ആവശ്യപ്പെട്ടത്.
മുന്‍ അഫ്ഗാന് താരവും ടീമിന്റെ പ്രോഗ്രാം ഓര്‍ഗനൈസറുമായ ഖലീദ പോപ്പലിന്റെ വെളിപ്പെടുത്തലും എഎഫ്എഫ്യെ വെട്ടിലാക്കിയിരിക്കുകയാണ്. ജനുവരിയില്‍ ജോര്‍ദാനില്‍ നടന്ന എഴ് ദിവസത്തെ ക്യാമ്പിലാണ് താരങ്ങളെ പീഡിപ്പിച്ചതെന്ന് പോപ്പല്‍ സിഎന്‍എന്നിനോട് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് പോകാന്‍ നിര്‍ബന്ധിതയായതിനെ തുടര്‍ന്ന് ഇപ്പോള്‍ ഡന്മാര്ക്കിലാണ് പോപ്പല്‍ കഴിയുന്നത്.
സംഘടനയിലെ രണ്ട് പുരുഷ അംഗങ്ങള്‍ അഞ്ച് താരങ്ങളെ തങ്ങളുടെ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന് പോപ്പല്‍ പറഞ്ഞു. താരങ്ങള്‍ക്കൊപ്പം എഎഫ്എഫ് തന്നെയാണ് ഇവരേയും ക്യാമ്പിന് അയച്ചത്. അതേസമയം, താരങ്ങള്‍ പരസ്യ പ്രതികരണത്തിനോ മാധ്യമങ്ങളോട് സംസാരിക്കാനോ ഇതുവരേയും തയ്യാറായിട്ടില്ല.
താരങ്ങളുടെ മുറിയില്‍ രാത്രി വൈകിയും ആരോപിതരായ രണ്ട് പേരേയും കണ്ടതിനെ കുറിച്ച് ചോദിച്ച തന്നോട് ‘വെറുതെ കളിച്ചിരിക്കുകയായിരുന്നു’ എന്നായിരുന്നു അവരുടെ മറുപടിയെന്നും പോപ്പല്‍ തന്നെ പറയുന്നു. സംഭവം അറിഞ്ഞതു മുതല്‍ ഫെഡറേഷനുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും പോപ്പല്‍ പറയുന്നു.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ആദ്യ നായികയായ ഷമില കോഹ്സ്താനിയും വെളിപ്പെടുത്തലുമായി രംഗത്തെത്തി. തനിക്കുനേരെ പലവട്ടം ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടെന്നും തന്റേയും കുടുംബത്തിന്റേയും സുരക്ഷ ഭയന്ന് മിണ്ടാതിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ആരോപണങ്ങളുടേയും വെളിപ്പെടുത്തലുകളുടേയും അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു. താരങ്ങളുടെ സുരക്ഷയ്ക്കായാണ് തങ്ങള്‍ നില കൊള്ളുന്നതെന്നും ഫിഫ പറഞ്ഞു. യുഎന്നിന്റെ സഹായവും തേടുമെന്ന് ഫിഫ അറിയിച്ചു.