പാരിസ്: യൂറോപ്പിനെ നടുക്കി വീണ്ടും വാണാക്രൈ സൈബർ ആക്രമണം. ബ്രിട്ടനും റഷ്യയും ഉൾപ്പെടെ 5 രാജ്യങ്ങളിലാണ് സൈബർ ആക്രമണം ഉണ്ടായത്. പ്രമുഖ ബ്രിട്ടീഷ് പരസ്യക്കമ്പനി, ഡാനിഷ് ഷിപ്പിങ് കമ്പനി, എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യൻ കമ്പനി എന്നിവിടങ്ങളിൽ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. വൈറസ് ദ്രുതഗതിയിൽ കംപ്യൂട്ടറുകളിൽ വ്യാപിക്കുകയാണ്. എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണം എന്ന് ബ്രിട്ടീഷ് സൈബർ സുരക്ഷ വിദഗ്ധർ പറഞ്ഞു.
കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണു വാണാക്രൈയുടെ രീതി. യുക്രൈനിലെ ഏറ്റവും വലിയ സൈബർ ആക്രമണമാണു ചൊവ്വാഴ്ച ഉണ്ടായത്. ഇന്ത്യയിൽ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. നേരത്തെ നടന്ന സൈബർ ആക്രമണത്തിനുപിന്നിൽ ഉത്തരകൊറിയയെന്ന് യുഎസും ബ്രിട്ടനും കണ്ടെത്തിയിരുന്നു. ആക്രമണത്തിനു പിന്നിലെ കൊറിയൻ പങ്കിനെക്കുറിച്ചു തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഇതു പിന്നീട് അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുകയായിരുന്നു.
വളരെ ഉപദ്രവകാരിയായ ഒരു മാല്വെയറാണ് റാൻസംവെയർ. നമ്മുടെ കംപ്യൂട്ടറിനകത്തേക്ക് നുഴഞ്ഞുകയറുന്ന ഈ മാല്വെയര് പിന്നീട് ഫയലുകൾ ഒന്നൊന്നായി എൻക്രിപ്റ്റ് (encrrypt) ചെയ്യും. അവ കോഡ് രൂപത്തിലേക്ക് മാറ്റും. നമുക്ക് ഫയലുകളൊന്നും ഓപ്പൺ ചെയ്ത് വായിക്കാൻ സാധിക്കാത്ത സ്ഥിതിയിലാക്കിയ ശേഷം ഇത് പൂർവ്വാവസ്ഥയിലേക്ക് മാറ്റിയെടുക്കുന്നതിന് പണം ആവശ്യപ്പെടും. വിൻഡോസിന്റെ തകരാർ മനസിലാക്കിയാണ് റാൻസംവെയർ ലോകമാകെയുള്ള കംപ്യൂട്ടർ ശൃംഖലകളിലേക്ക് തുറന്നുവിട്ടത്. ഇന്നോളം ലോകം അഭിമുഖീകരിച്ച സൈബർ അറ്റാക്കുകളിൽ ഏറ്റവും മാരകമായതും ഏറ്റവും അധികം രാജ്യങ്ങളിലേക്ക് ആക്രമണം നടത്തിയതും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന വാണക്രൈ റാൻസംവെയറാണ്. അക്ഷരാർത്ഥത്തിൽ ഏവരെയും കരയിപ്പിക്കുകയാണ് ഈ വില്ലൻ.
വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വഴി പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളെ ആക്രമിക്കുന്ന ഏറ്റവും അപകടകാരിയായ വൈറസാണ് വാണക്രൈ റാൻസംവെയർ. ഇ്ത് WannaCry, WannaCrypt, WannaCrypt06, WCrypt, WCRY എന്നിങ്ങനെ പല പേരുകളിലാണ് വ്യാപരിക്കുന്നത്. വിൻഡോസിലെ സെർവർ മെസേജ് ബോക്സി(SMB)ലെ ഒരു പഴുതിലൂടെയാണ് ഈ വില്ലൻ അകത്ത് കയറുന്നത്. എറ്റേർണൽ ബ്ലൂ (etternal blue) എന്ന എളുപ്പത്തിൽ ഭേദിക്കാവുന്ന ഒരു പഴുതിലൂടെയാണ് ആക്രമണം.
അപ്ഡേറ്റ് ചെയ്യാത്ത എല്ലാ വിൻഡോസ് രൂപങ്ങളെയും ഇത് ബാധിക്കും. ഇത് എല്ലാ ഫയലുകളെയും കോഡ് രൂപത്തിലേക്ക് മാറ്റും. പിന്നീട് കൗണ്ട് ഡൗൺ ഉള്ള ഒരു മെസേജ് ബോക്സ് തുറന്നുവരും. അതിൽ കംപ്യൂട്ടർ പൂർവ്വാവസ്ഥയിലേക്ക് മാറ്റിക്കിട്ടുന്നതിന് പണം അടയ്ക്കേണ്ട ലിങ്ക് കാണിക്കും. 300 ഡോളറാണ് അടയ്ക്കേണ്ടത്. പണം നൽകിയില്ലെങ്കിൽ എല്ലാ ഫയലുകളും നശിപ്പിക്കുന്ന തീയ്യതിയും ഇതിലുണ്ടാകും. ഇതിനോടൊപ്പം ഡബിൾ പൾസർ എന്ന പേരിൽ ഒരു ബാക് ഡോറും ഈ വൈറസ് നമ്മുടെ കംപ്യൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കും.
എറ്റേണൽ ബ്ലൂ എന്ന പഴുതിലൂടെയാണ് ഈ വൈറസ് കംപ്യൂട്ടറുകളിൽ നിന്ന് കംപ്യൂട്ടറുകളിലേക്ക് പടരുന്നത്. ഇന്റർനെറ്റിലെ അനാവശ്യ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെയും ആരെങ്കിലുമൊക്കെ അയച്ചുതരുന്ന ലിങ്ക് ക്ലിക് ചെയ്യുന്നതിലൂടെയും നമ്മൾ കുഴിയിൽ വീഴാനുള്ള സാധ്യതകളുണ്ട്. ഒരു കംപ്യൂട്ടർ ശൃംഖലയിൽ പരസഹായമേതുമില്ലാതെ സ്വയമേ പടർന്നുപിടിക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ട്.
ആദ്യം കംപ്യൂട്ടർ ശൃംഖലയെ സ്കാൻ ചെയ്ത ശേഷം എറ്റേണൽ ബ്ലൂ എന്ന പഴുതുണ്ടോ എന്ന് വൈറസ് നോക്കും. ഉണ്ടെങ്കിൽ ആ പഴുതിലൂടെ റാൻസംവെയർ അകത്ത് കയറും. പിന്നീട് ആ ശൃംഖലയിലെ മുഴുവൻ കംപ്യൂട്ടറുകളെയും റാൻസംവെയർ നശിപ്പിക്കും.