ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന പുനപരിശോധന വിധിയ്ക്ക് പിന്നാലെ ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുകയാണ് രഞ്ജന്‍ ഗൊഗോയ്. നവംബര്‍ 17 നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു പടിയിറങ്ങുക. അവസാന പത്ത് നാളുകളില്‍ പല നിര്‍ണായക വിധികളും പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ശരദ് അരവിന്ദ് ബോബ്‌ഡെയാണ് ഗൊഗോയ്ക്ക് പകരക്കാരനായി ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുക.

ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബര്‍ മൂന്നിനാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ദീപക് മിശ്ര വിരമിച്ചത്. ഗൊഗോയ് പടിയിറങ്ങുന്നതും ശബരിമല കേസില്‍ വിധി പറഞ്ഞുകൊണ്ടുതന്നെ. അസമുകാരനായ ഗൊഗോയ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. അസമിലെ ദിബ്രുഗഡിലായിരുന്നു ജനനം.

നിര്‍ണായകമായ പല കേസുകളിലും വിധി പറഞ്ഞാണ് ഗൊഗോയ് പടിയിറങ്ങുന്നത്. കേരളത്തില്‍ വലിയ വാര്‍ത്തയായി മാറിയ സൗമ്യ കേസിലും രഞ്ജന്‍ ഗൊഗോയായിരുന്നു വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കും മുമ്പായിരുന്നു ഇത്. പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി വിധിച്ചത് ഗെഗോയ് ഉള്‍പ്പെടുന്ന ബെഞ്ചായിരുന്നു. 2016 സെപ്റ്റംബര്‍ 15 ന് ഗൊഗോയ്, ഉദയ് ഉമേഷ് ലളിത്, പ്രഫുല സി പന്ത് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു വധശിക്ഷ ജീവപര്യന്തമാക്കിയത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ഇറങ്ങുന്നതിന് മുമ്പ് അയോധ്യ കേസ്, ശബരിമല സ്ത്രീപ്രവേശനം, റാഫേല്‍ തുടങ്ങി നിര്‍ണായകമായ പല കേസുകളിലാണ് ഗൊഗോയ് വിധി പറഞ്ഞത്.

അയോധ്യ കേസായിരുന്നു ഏറ്റവും നിര്‍ണായകമായത്. 40 നാള്‍ വാദം കേട്ട ശേഷമായിരുന്നു ഗൊഗോയ് അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് അയോധ്യ കേസില്‍ വിധി പറയുന്നത്. അയോധ്യയിലെ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കും വീതിച്ചുനല്‍കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയിരുന്നു സുപ്രീം കോടതി വിധി. നവംബര്‍ ഒമ്പതിനായിരുന്നു വിധി പ്രഖ്യാപനം. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ സ്ഥലം നല്‍കണമെന്നുമായിരുന്നു വിധി.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു മറ്റൊരു സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഓഫീസിന്റെ സുതാര്യത ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ഗെഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജഡ്ജി നിയമനത്തിലടക്കം ഇപ്പോഴത്തെ വിധി നിര്‍ണായകമാകും. വിധിയോട് മൂന്ന് ജസ്റ്റിസുമാര്‍ യോജിച്ചു. രണ്ട് ജസ്റ്റിസുമാര്‍ വിധിയോട് വിയോജിച്ചു. 2010 ലെ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശരിവച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദീപക് ഗുപ്ത, എന്‍.വി.രമണ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരായിരുന്ന ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളിലും വിധി പറഞ്ഞു. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി ആരോപിച്ച ഹര്‍ജികള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീം കോടതി തളളി. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 14 നാണ് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള സുപ്രീം കോടതി വിധി പുറത്തുവന്നത്. ഇടപാടിലും കരാറിലും സംശയമില്ലെന്ന് പറഞ്ഞ കോടതി റഫാല്‍ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിക്കുകയായിരുന്നു. റഫാല്‍ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. യുദ്ധവിമാനങ്ങള്‍ ആവശ്യമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സര്‍ക്കാര്‍ നടപടികളില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

റഫാല്‍ കേസില്‍ സുപ്രീംകോടതി ഇടപെടലിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ അപകീര്‍ത്തി കേസ് തള്ളിയതും ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ്. രാഹുല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സുപ്രീംകോടതി കോടതി അഭിപ്രായപ്പെട്ടു. റഫാല്‍ കേസില്‍ സുപ്രീംകോടതി ഇടപെടലിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രധാനമന്ത്രിയെ കാവല്‍ക്കാരന്‍ കള്ളനെന്ന് ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി മീനാക്ഷി ലേഖിയാണു അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. നിജസ്ഥിതി അറിയാതെ പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായുള്ള മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഭാവിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങള്‍.

കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ചരിത്രത്തിലാദ്യമായി നാല് ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത് രാജ്യത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. ആ നാലു പേരില്‍ ഒരാള്‍ രഞ്ജന്‍ ഗൊഗോയായിയിരുന്നു. 2018 ജനുവരി 12-ാം തിയ്യതി ജസ്റ്റിസുമാരായ ചെലമേശ്വര്‍, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരായിരുന്നു മറ്റു മൂന്നുപേർ. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരുമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഈ സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി. അതുകൊണ്ട് തന്നെ രഞ്ജന്‍ ഗെഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തിയപ്പോള്‍ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ലൈംഗികാരോപണവും ചില വിധികളും അദ്ദേഹത്തിലുണ്ടായ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.

രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ മുന്‍ ജോലിക്കാരിയാണു ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ജീവനക്കാരിയുടെ പരാതി മൂന്നംഗ അന്വേഷണ കമ്മിറ്റി തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ കമ്മിറ്റിയായിരുന്നു പരാതി തള്ളിയത്. എന്നാല്‍ നടപടിക്കെതിരെ പരാതിക്കാരി രംഗത്തെത്തുകയുണ്ടായി. പിന്നാലെ പരാതിക്കാരിക്ക് ശരിയായ രീതിയില്‍ പരിഗണന ലഭിച്ചില്ലെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അഭിപ്രായപ്പെട്ടു. പക്ഷപാതരഹിതമായി അല്ല സുപ്രീം കോടതി നിയോഗിച്ച് ആഭ്യന്തര അന്വേഷണ സമിതി പരാതിക്കാരിയോട് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. ഗൊഗോയ്‌ക്കൊപ്പം പത്രസമ്മേളനം നടത്തിയ ജഡ്ജിമാരിലൊരാളാണ് മദന്‍ ബി ലോകൂര്‍.

രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട അസം ദേശീയ പൗരത്വ രജിസ്റ്ററിനെ രഞ്ജന്‍ ഗെഗോയ് പിന്തുണച്ചതും വിവാദമായിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കുമെന്നായിരുന്നു രഞ്ജന്‍ ഗെഗോയ് പറഞ്ഞത്. കാര്യങ്ങള്‍ വ്യക്തമായ രീതിയില്‍ മനസിലാക്കണം. 19 ലക്ഷമാണോ 40 ലക്ഷമാണോ എന്നതല്ല വിഷയം. ഇത് ഭാവിയിലേക്കുള്ള പ്രധാനപ്പെട്ട രേഖയാണെന്ന് മനസിലാക്കണമെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook