ന്യൂഡൽഹി: രണ്ട് നേതാക്കൾക്കും ഉത്തരവാദിത്തം നൽകണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായമെന്ന് കർണാടക മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിച്ചതിനു മണിക്കൂറുകൾക്കുശേഷം കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. സംസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ ഒരാളുടെ ടീമല്ല, 11 പേരുടെ ടീമാണ് ഞങ്ങൾക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് നേതാക്കളും സന്തുഷ്ടരാണെന്ന് ഇന്ത്യൻ എക്‌സ്പ്രസിനോട് സുർജേവാല പറഞ്ഞു. എന്നാൽ സിദ്ധരാമയ്യ അഞ്ച് വർഷത്തേക്ക് മുഴുവൻ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാൻ വിസമ്മതിച്ചു. അതേസമയം, ഇരുനേതാക്കളും തമ്മിലുള്ള കരാറിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന ഒരു ഫോർമുല ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ശിവകുമാറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
മുഖ്യമന്ത്രി പദം പങ്കിടൽ കരാറിന് നേതൃത്വം സമ്മതിച്ചോയെന്നും സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമോയെന്ന ചോദ്യത്തിന്, കർണാടകയിലെ ജനങ്ങളുടെ സേവകരാകുക എന്നതാണ് അധികാരം പങ്കിടൽ സൂത്രവാക്യമെന്നായിരുന്നു സുർജേവാലയുടെ മറുപടി.
”സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിയാകാൻ കഴിവുള്ളവരാണ്. കർണാടകയിലെ ബിജെപിയിൽ നിന്ന് വ്യത്യസ്തമായി, കോൺഗ്രസിന് എല്ലാ തലത്തിലും നയിക്കാൻ കഴിവുള്ള നേതാക്കളുടെ നീണ്ട നിരയുണ്ട്. കഠിന പ്രയത്നമാണ് അവരുടെ വിജയത്തിന്റെ പ്രധാന കാരണം. മല്ലികാർജുൻ ഖാർഗെയുടെ സമീപനം എക്കാലത്തും സമവായവും ഏകാഭിപ്രായവും ഐക്യവുമാണ്. രണ്ടര ദിവസം അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി. ഒടുവിൽ പാർട്ടിയുടെ വികസന അജണ്ട നടപ്പാക്കുന്നതിൽ ഇരുവരെയും പങ്കാളികളാക്കുന്ന ഒരു തീരുമാനത്തിൽ എത്തി,” സുർജേവാല പറഞ്ഞു.
സ്വന്തം അനുഭവവും പൊതുജീവിതത്തെക്കുറിച്ചുള്ള അറിവും, അഞ്ച് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്തിന് വേണ്ടി സേവനമനുഷ്ഠിച്ച ആളെന്ന നിലയിലും, ഒരാൾക്ക് മാത്രമായിട്ടല്ല, ഇരുവർക്കും ചുമതല നൽകണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനാൽ ഇതൊരിക്കലും ഒരാൾക്കു വേണ്ടിയുള്ള തിരഞ്ഞെപ്പ് അല്ല, മറിച്ച് രണ്ടു പേർക്കും ഉത്തരവാദിത്തം നൽകുന്ന ഒന്നാണ്. ഒരാളുടെ ടീമല്ല സംസ്ഥാനം ഭരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചത്, 11 പേരടങ്ങുന്ന ടീമാണെന്ന് സുർജേവാല വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട കരാറിൽ താൻ പൂർണ സന്തോഷവാനല്ല എന്ന ശിവകുമാറിന്റെ സഹോദരനും ലോക്സഭ എംപിയുമായ ഡി.കെ.സുരേഷിന്റെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിനും സുർജേവാല മറുപടി നൽകി. ”അത് ഡി.കെ.സുരേഷിന്റെ അഭിപ്രായമാണ്, അദ്ദേഹത്തിന് അത് പറയാൻ അർഹതയുണ്ട്. കോൺഗ്രസിന് 138 എംഎൽഎമാരുടെ പിന്തുണയുണ്ട് – 135 കോൺഗ്രസ് എംഎൽഎമാർ, ഞങ്ങളുടെ സഖ്യകക്ഷിയായ സർവോദയ പാർട്ടിയിൽ നിന്നുള്ള ഒരാൾ, രണ്ട് സ്വതന്ത്രരുടെ പിന്തുണ. കർണാടകയിലെ ജനങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിറവേറ്റും, ഞങ്ങൾ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും.”