റാഞ്ചി: അന്ധവിശ്വാസം തലക്ക് പിടിച്ച് സ്വന്തം അമ്മയെ യുവാവ് ബലിയർപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം. ലക്ഷ്മീ ദേവിയുടെ പ്രീതിക്കായാണ് മകൻ അമ്മയെ ആക്രമിച്ചതെന്ന് ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ 26കാരനായ ഉമേഷ് സിങ് എന്ന യുവാവിനെ പൊലീസ് തെരയുകയാണ്. ഉറങ്ങി കിടക്കുകയായിരുന്ന അമ്മ സുശീല സിങിനെ ഉമേഷ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സമ്പാദ്യത്തിന് വേണ്ടി ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താനായിരുന്നു യുവാവ് അമ്മയെ ആക്രമിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

സുശീലയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. അയൽവാസികൾ ഓടിയെത്തുന്പോൾ ഇവര്‍ ചോര വാര്‍ന്ന നിലയിലായിരുന്നു. ഭർത്താവ് നേരത്തെ മരിച്ച സുശീലക്ക് രണ്ട് ആൺ മക്കളാണുള്ളത്. രണ്ടു പേരും കൂലിപ്പണിക്കാരുമാണ്. എന്നാല്‍ ഉമേഷ് കുറച്ച് ദിവസങ്ങളായി പണിക്കൊന്നും പോകാതെ മുറിയിടച്ചിരുന്നു പ്രാർത്ഥിക്കുകയായിരുന്നത്രെ. ഇയാള്‍ ലഹരിമരുന്നുകൾ ഉപയോഗിക്കാറുണെന്നും പൊലീസ് അറിയിച്ചു.

മനുഷ്യരെ ബലിനല്‍കുന്നത് ജാര്‍ഖണ്ഡില്‍ പതിവാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഉമേഷിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് റാഞ്ചി ഖേലരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ