ന്യൂഡൽഹി: ലോക്‌സഭയിൽ നാടകീയ രംഗങ്ങൾ. കേരളത്തിൽ നിന്നുളള ഏക വനിതാ എംപി രമ്യ ഹരിദാസിനു നേരെ കയ്യേറ്റം. ആലത്തൂർ എംപിയായ രമ്യ ഹരിദാസ് സ്‌പീക്കർക്ക് പരാതി നൽകി.  പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സംഭവം.

Read Also: സ്വഭാവദൂഷ്യമെന്ന് കോമരം; വീട്ടമ്മ ജീവനൊടുക്കി, പരാതി

വടക്കു കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങളെ കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. രമ്യ ഹരിദാസ് അടക്കമുള്ള കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ബിജെപി എംപിമാർ കോൺഗ്രസ് എംപിമാരുമായി തർക്കമുണ്ടായി. ഇതിനിടെയാണ് രമ്യ ഹരിദാസിനു നേരെ കയ്യേറ്റ ശ്രമമുണ്ടായത്.

ലോക്‌സഭയ്‌ക്കകത്തുവച്ച് ഏകദേശം മൂന്നു മണിയോടെയാണ് തനിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായതെന്ന് രമ്യ പറഞ്ഞു. സ്‌പീക്കർ ഓം ബിർലയ്‌ക്ക് രമ്യ ഹരിദാസ് പരാതി നൽകിയിട്ടുണ്ട്. ബിജെപി എംപി  ജാസ്‌കൗര്‍ മീനയ്‌ക്കെതിരെയാണ് രമ്യ പരാതി നൽകിയത്. ലോക്‌സഭയിൽ തനിക്കെതിരെ കയ്യേറ്റങ്ങൾ ആവർത്തിക്കുന്നത് താൻ ഒരു സ്ത്രീയായതിനാലും ദലിത് ആയതിനാലും ആണോയെന്ന് രമ്യ പരാതിയിൽ ചോദിക്കുന്നുണ്ട്. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു. നേരത്തെയും രമ്യക്കെതിരെ ലോക്‌സഭയിൽ കയ്യേറ്റ ശ്രമമുണ്ടായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook