അഹമ്മദാബാദ്: ഐഎസ്ആർഒ മിസൈലുകളെ ശ്രീരാമന്റെ അമ്പുകളോട് താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. രാമന്റെ ഓരോ അമ്പും മിസൈലായിരുന്നു. ഐഎസ്ആർഒ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് അന്ന് രാമൻ ചെയ്തിരുന്നതെന്നും രൂപാണി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റിലെ (ഐഐടിആര്‍എഎം) വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടിസ്ഥാനസൗകര്യ വികസനത്തെ രാമനുമായും രാമായണവുമായും ബന്ധപ്പെടുത്തിയാല്‍ ഭഗവാന്‍ രാമന്‍ ഏത് തരം എൻജിനീയറിങ് ഉപയോഗിച്ചായിരിക്കും ശ്രീലങ്കയേയും ഇന്ത്യയേയും ബന്ധിപ്പിക്കുന്ന രാമസേതു നിര്‍മ്മിച്ചതെന്ന് ചിന്തിച്ചുനോക്കൂ. പാലം പണിയാന്‍ അണ്ണാന്മാര്‍ വരെ സഹായിച്ചു. രാമസേതുവിന്റെ അവശിഷ്ടം ഇന്നും കടലിലുണ്ടെന്ന് ആളുകള്‍ പറയുന്നു. രാമസേതു എന്നത് രാമന്റെ സങ്കല്‍പമായിരുന്നു. എൻജിനീയര്‍മാരാണ് പിന്നീട് താൽക്കാലിക പാലം നിര്‍മ്മിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാമ-രാവണയുദ്ധത്തിനിടെ ലക്ഷ്മണന്‍ ബോധരഹിതനായി വീണപ്പോൾ വടക്കുനിന്നുള്ള ഒരു ഔഷധത്തിന് അദ്ദേഹത്തെ രക്ഷിക്കാനാകുമെന്ന് അറിഞ്ഞതിനു കാരണം അന്നത്തെ ഗവേഷണമായിരുന്നു. ഏത് ഔഷധമാണെന്ന് മറന്നതിനാൽ ഹനുമാൻ മുഴുവന്‍ മലയും എടുത്തുകൊണ്ടുവന്നു. ഒരു മല മുഴുവനുമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ച സാങ്കേതികവിദ്യ അന്ന് നിലവിലുണ്ടായിരുന്നു. അടിസ്ഥാന സൗകര്യവികസനത്തെ കുറിച്ചു പരാമര്‍ശിക്കുന്ന കഥയാണിതെന്നും അദ്ദേഹം പറഞ്ഞു. സുഗ്രീവനും ഹനുമാനും വാനരസേനയുമെല്ലാം സോഷ്യല്‍ എന്‍ജീനിയറിങ് ആണെന്നും വിജയ് രൂപാണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ