/indian-express-malayalam/media/media_files/uploads/2017/07/ramnath-1.jpg)
ന്യൂഡൽഹി: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്പതിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥി മീരാ കുമാറിനെ കനത്ത ലിഡിന് മറികടന്നാണ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയത്. കെ.ആർ.നാരായണന് ശേഷം ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ദളിതനാണ് രാംനാഥ് കോവിന്ദ്. ഇദ്ദേഹം ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും.
ഇലക്ടറൽ കോളേജിലെ ആകെ വോട്ട് മൂല്യത്തിന്റെ 65.65%വും രാംനാഥ് കോവിന്ദ് നേടി. 34.35 ശതമാനം വോട്ടാണ് മീരാ കുമാറിന് നേടാനായത്. 702644 വോട്ട് മൂല്യമാണ് രാംനാഥ് കോവിന്ദിന് ലഭിച്ചത്. മീരാ കുമാറിന്റേത് 367314 ആണ്.
മുൻപ് ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന രാംനാഥ് കോവിന്ദ് ബീഹാർ ഗവർണർ സ്ഥാനം രാജിവച്ചാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. എൻഡിഎയ്ക്ക് പുറമേ ബിജെഡി, ജെഡിയു, ടിആർഎസ്, എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് എന്നിവരുടെ കൂടി പിന്തുണ ലഭിച്ച രാംനാഥ് കോവിന്ദ് നേരത്തേ തന്നെ വിജയം ഉറപ്പിച്ചിരുന്നു.
Read More: ആരാണ് രാംനാഥ് കോവിന്ദ്? പരിചയപ്പെടാം നമ്മുടെ പുതിയ പ്രഥമ പൗരനെ
ഗോവയിലും ഗുജറാത്തിലും അടക്കം കോൺഗ്രസ് അംഗങ്ങൾ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് മീരാ കുമാറിന് തിരിച്ചടിയായി. ഗോവയിൽ 17 കോൺഗ്രസ് അംഗങ്ങളിൽ 11 പേരും ഗുജറാത്തിൽ 60 അംഗങ്ങളിൽ 49 പേരുമാണ് മീരാ കുമാറിനെ പിന്തുണച്ചത്.
സംഘപരിവാർ അനുകൂലിയായ ആദ്യത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. എൻഡിഎ സഖ്യകക്ഷികൾക്ക് പുറമേ, ജനതാദൾ യുണൈറ്റഡ്, ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് പാർട്ടി, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി എന്നിവരുടെ പിന്തുണയും രാം നാഥ് കോവിന്ദിന് ലഭിച്ചു.
1991ലാണ് രാംനാഥ് കോവിന്ദ് ബിജെപിയിൽ അംഗമാകുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നു 1994 ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കോവിന്ദ് ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിലെ ദളിത് മുഖമായി മാറി.
ഉത്തർപ്രദേശിൽ നിന്ന് തന്നെ രണ്ട് വട്ടം ഇദ്ദേഹം രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പട്ടിക ജാതി-വർഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ കമ്മറ്റികളിലെ പ്രവർത്തനത്തിലൂടെ പാർലമെന്റിലും അദ്ദേഹം ശ്രദ്ധ കൈപ്പറ്റി.
എന്നാൽ 2010 ൽ ഇന്ത്യയിലെ ക്രൈസ്തവ-ഇസ്ലാം മതവിഭാഗങ്ങൾക്കെതിരായ ഇദ്ദേഹത്തിന്റെ പ്രസ്താവന ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ ഇന്ത്യയ്ക്ക് അന്യമാണെന്നും, അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നുമാണ് രാംനാഥ് കോവിന്ദ് 2010ല്‍ പറഞ്ഞത്.
ആന്ധ്രയിൽ നിന്നുള്ള മുഴുവൻ വോട്ടും രാം നാഥ് കോവിന്ദാണ് നേടിയത്. ഇതിന് പുറമേ അരുണാചൽ പ്രദേശിലെ 94.9 ശതമാനം വോട്ടും ആസാമിൽ 95 ശതമാനം വോട്ടും രാംനാഥ് കോവിന്ദ് നേടി.
ബീഹാറിൽ ആർജെഡി അംഗങ്ങളുടെ കോൺഗ്രസ് അംഗങ്ങളുടെ മീരാ കുമാറിന് ഒപ്പമായിരുന്നു. ആകെ 45.7 ശതമാനം വോട്ട് മീരാ കുമാറിന് ഇവിടെ നിന്ന് ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.