തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഗുരുക്കന്മാരെ ആദരിക്കുന്ന പാരമ്പര്യമാണ് പുരാതനകാലം മുതലേ നമുക്കുള്ളത്. എന്തിന്റെ പേരിലായാലും അത് തട്ടിക്കളഞ്ഞ് ഗുരുക്കന്മാരെ അപമാനിക്കുന്നത് ആശാസ്യമല്ല. എറണാകുളം മഹാരാജാസ് കോളജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിച്ച് കാണാനാവില്ല. കഴിഞ്ഞ ഏപ്രിലില്‍ പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ വിരമിച്ചപ്പോള്‍ ഇതേ സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് പ്രതീകാത്മകമായി ശവമാടം ഒരുക്കിയിരുന്നു. അന്ന് വിദ്യാര്‍ഥികളുടെ ചിത്ര ശില്പ കലാവിഷ്‌ക്കാരമെന്ന് പറഞ്ഞ് സിപിഎമ്മിന്റെ ഉന്നത നേതാവ് അതിനെ ന്യായീകരിക്കുകയായിരുന്നു. അതാണ് അനുയായികളായ കുട്ടികള്‍ക്ക് എറണാകുളത്ത് പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കാന്‍ ധൈര്യം നല്‍കിയത്. അന്ന് കര്‍ശന നടപടി എടുക്കുകയും കുട്ടികളെ തിരുത്തുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ അപമാനകരമായ സംഭവമുണ്ടാകില്ലായിരുന്നു.
ഭരണത്തിന്റെ തണലില്‍ സിപിഎമ്മിന്റെ പോഷക സംഘടനകള്‍ക്ക് എന്തുമാവാമെന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസമാണ് പൊന്‍കുന്നത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്.ഐയെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ മോചിപ്പിച്ചു കൊണ്ട് പോയത്. കേരളത്തിന്റെ പല ഭാഗത്തും ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു. പൊലീസ് നിഷ്‌ക്രിയമാണ്. ഇതൊക്കെ സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.