ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണറായി ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ചതോടെയാണ് കോഷിയാരിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നത്. തുടർന്ന് ഗവർണർ പദവിയിൽനിന്നും രാജിവയ്ക്കാനുള്ള തീരുമാനം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയായിരുന്നു.
നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു ബയ്സ്. 1980ൽ റായ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ കൗൺസിലറായാണ് അദ്ദേഹം രാഷ്ട്രീയ യാത്ര ആരംഭിച്ചത്. റായ്പൂർ ലോക്സഭാ മണ്ഡലത്തിൽനിന്നും ഏഴു തവണ ബിജെപിക്കായി മത്സരിച്ച് വിജയിച്ചു. പാർട്ടിയുടെ വിശ്വസ്തനായ ബയ്സ് പ്രധാനപ്പെട്ട നിരവധി പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്.
പാർട്ടിയുടെ എംപി യൂണിറ്റ് വൈസ് പ്രസിഡന്റായും അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ സഹമന്ത്രിയായും ബയ്‌സ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ യാത്രയ്ക്കിടെ അദ്ദേഹം പരാജയപ്പെടുത്തിയ നേതാക്കളിൽ കോൺഗ്രസ് നേതാവ് വി.സി.ശുക്ലയും നിലവിലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉൾപ്പെടുന്നു.
13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ രാഷ്ട്രപതി നിയമിച്ചിട്ടുണ്ട്. സി.പി.രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ. അരുണാചൽ പ്രദേശിൽ ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് പുതിയ ഗവർണറാകും. ഹിമാചൽ പ്രദേശിൽ ശിവ പ്രതാവ് ശുക്ലയും സിക്കിമിൽ ലക്ഷ്മൺ പ്രസാദ് ആചാര്യയും അസമിൽ ഗുലാം ചന്ദ് കഠാരിയയും ഗവർണറാകും. റിട്ട. ജസ്റ്റിസ് എസ്.അബ്ദുൽ നസീർ ആണ് ആന്ധ്രയുടെ പുതിയ ഗവർണർ. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണു ബിഹാറിന്റെ പുതിയ ഗവർണർ.