ബര്‍മര്‍: യോഗ ഗുരു രാംദേവിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് രാജസ്ഥാന്‍ പൊലീസ്. രാജസ്ഥാനിലെ ബര്‍മറില്‍ നടന്ന പൊതുപരിപാടിയില്‍ പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളുടെ പേരിലാണ് കേസ്. പൊലീസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രദേശവാസിയായ പതായ് ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൗഹത്താൻ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐപിസി സെക്ഷൻ 153 എ (മതം, വംശം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തുന്നത്), 295 എ (ഏതെങ്കിലും വർഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾ) 298 (ഏതൊരു വ്യക്തിയുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെ വാക്കുകള്‍ ഉപയോഗിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ചൗഹത്താൻ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഭൂതാറാം അറിയിച്ചു.
ഫെബ്രുവരി രണ്ടിന് നടന്ന യോഗത്തിൽ മുസ്ലീങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നും രാംദേവ് ആരോപിച്ചിരുന്നു.