ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുമ്പോള്‍ തന്നെ അത് ബാധിച്ചിട്ടില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്ര്‌സ്താവന വിവാദമാകുന്നു. കേന്ദ്ര മന്ത്രിയായ രാംദാസ് അത്തേവാലെയുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

‘ഞാന്‍ കേന്ദ്രമന്ത്രിയാണ്. ഇന്ധനവില വര്‍ധന എന്നെ ബാധിച്ചിട്ടില്ല. മന്ത്രി പദവി നഷ്ടപ്പെട്ടാല്‍ അത് ബാധിച്ചേക്കും’ ഇന്ധനവില വ്യക്തിപരമായി എങ്ങനെ ബാധിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ. ജയ്പൂരില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ഈ പരാമര്‍ശങ്ങള്‍. ബിജെപിയുടെ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിയാണ് രാംദാസ് അത്തേവാല.

‘സാധാരണക്കാര്‍ക്ക് ഇന്ധനവില വര്‍ധനവില്‍ വലിയ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നത് സത്യമാണ്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചാല്‍ ഇന്ധനവില കുറയും. കേന്ദ്രം ഇക്കാര്യം ഗൗരവത്തില്‍ പരിഗണിക്കുന്നുണ്ട്’ അത്തേവാല പറയുന്നു.

അതേസമയം, ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 85.33 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 78 രൂപ 97പൈസയായി. പെട്രോളിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 83.93രൂപയും ഡീസല്‍ 77.66 രൂപയും കോഴിക്കോട് പെട്രോളിന് 84.18 രൂപയും ഡീസലിന് 77.92 രൂപയുമാണ് ഇന്ധനവില.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ