ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിൽ നിന്നുള്ള കളിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അതാവാലെ. അന്താരാഷ്ട്ര കായികരംഗത്ത് തുല്യത ഉറപ്പ് വരുത്തുന്നതിനായി ബിസിസിഐ ഇത്തരത്തിലൊരു തീരുമാനം എടുക്കണമെന്നാണ് അതാവാലെയുടെ ആവശ്യം. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അതാവലയുടെ പ്രസ്താവന.

എസ്.സി-എസ്.ടി അംഗങ്ങൾ ക്രിക്കറ്റ് ടീമിലേയ്ക്ക് വരുന്നതോടെ കൂടുതൽ മെച്ചപ്പെട്ട പ്രകടനം ഇന്ത്യൻ ടീമിന് കാഴ്ചവെയ്ക്കാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയും യുവരാജ് സിംഗും ഒത്തുകളിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയില്‍ കളിച്ചവര്‍ക്കു ഫൈനലില്‍ തിളങ്ങാന്‍ കഴിയാതിരുന്നതാണ് ഒത്തുകളിക്കു തെളിവാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്.

ഇത് ആദ്യമായല്ല കേന്ദ്രമന്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് രാംദാസ് അതാവലെ ആവശ്യപ്പെട്ടിരുന്നു. ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ദലിതര്‍ക്ക് ഒരു ക്വോട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനത്തെ നരേന്ദ്ര മോദിയുടെ പ്രകടനവുമായി താരതമ്യം ചെയ്യുകയും ചെയ്തതും വാർത്തയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ