ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്ക് കാരണം ഉത്തരേന്ത്യക്കാര്‍ക്ക് യോഗ്യതയില്ലാത്തത് കൊണ്ടാണെന്ന കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്.കെ.ഗംഗ്‌വാര്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിവാദ പ്രസ്താവനയുമായി മറ്റൊരു കേന്ദ്ര മന്ത്രി കൂടി രംഗത്തെത്തിയിരിക്കുകയാണ്.
സാങ്കേതിക വിദ്യ വളര്‍ന്നതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാണ് നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ദിവസങ്ങളില്‍ ജനങ്ങള്‍ തൊഴിലില്ലാതെ വലയുന്നുണ്ട്. ആധുനിക സാങ്കേതികതയുടെ വളര്‍ച്ചയാണ് അതിനുകാരണം. മുന്‍പ് ആയിരം പേര്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നിടത്ത് ഇപ്പോള്‍ 200 പേര്‍ മാത്രമാണുള്ളത്”. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഒരാള്‍ രണ്ട് യന്ത്രങ്ങളാണു പ്രവര്‍ത്തിപ്പിക്കുന്നത്. നേരത്തേ ഇത് പത്തിലേറെപ്പേരാണു പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കേണ്ടതിന്റെ ഭാരം കേന്ദ്രസര്‍ക്കാരിന്റെ ചുമലലിലാണെന്നും സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയായ അദ്ദേഹം പറഞ്ഞു.
Read More: തൊഴിലില്ലായ്മയ്ക്ക് കാരണം യോഗ്യത ഇല്ലാത്തതെന്ന് കേന്ദ്രമന്ത്രി; മറുപടിയുമായി പ്രിയങ്ക
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടം പെരുകുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്.കെ.ഗംഗ്വാര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തൊഴില്‍ വെട്ടിക്കുറക്കുന്നത് ഉത്തരേന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഗുണമേന്മ ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബറേലിയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങളുടെ കുറവില്ല. റിക്രൂട്ട്മെന്റിന് വരുന്ന ഉത്തരേന്ത്യക്കാര്‍ കുറഞ്ഞ ഗുണമേന്മയുമായി ഉയര്‍ന്ന ജോലികള്‍ ചോദിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം.