ദർഭംഗ: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അതുകൊണ്ട് രാമായണമോ ഭഗവത്ഗീതയോ ഉപഹാരമായി നല്‍കിയാല്‍ മതിയെന്നും യോഗി പറഞ്ഞു.

ലോകം കണ്ട ഏറ്റവും വലിയ അത്ഭുത നിര്‍മ്മിതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഏക ഇന്ത്യൻ സ്മാരകമാണ് താജ്മഹൽ. എന്നാൽ 1653ൽ ആഗ്രയിൽ നിർമ്മിച്ച വെളുത്ത മാർബിൾ ശവകുടീരം ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിപ്രായം. അതിനാലാണ് ഇന്ത്യയിലെത്തുന്ന വിദേശികൾ താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ സമ്മാനമായി നല്‍കേണ്ടതില്ലെന്നും യോഗി പറഞ്ഞു.

ബീഹാറിലെ ദർഭംഗയിലെ പൊതു യോഗത്തിൽ സംസാരിക്കുന്പോഴായിരുുന്നു യോഗി ആദിത്യനാഥിന്റെ അഭിപ്രായപ്രകടനം. ‘വിദേശ സന്ദർശകർക്ക് താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും മാതൃകയിലുള്ള പ്രതിമകളാണ് ഉപഹാരമായി നല്‍കിവരുന്നത്. എന്നാല്‍, ഇത് ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ല. അതിനാല്‍ മോഡി ഗവൺമെന്റ് അധികാരത്തില്‍ വന്ന ശേഷം ഒരു മാറ്റം വരുത്തി, ഭഗവദ്ഗീതയും രാമായണത്തിന്റെ പകർപ്പുകളും നല്‍കി തുടങ്ങി’ യോഗി പറഞ്ഞു.

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍, ഹൈന്ദവക്ഷേത്രമാക്കി മാറ്റണമെന്ന് ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശിച്ചത് വലിയ വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ